റാഞ്ചി - ജപ്പാനെ 4-0 ന് തകര്‍ത്ത് ഇന്ത്യ രണ്ടാം തവണ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍സ് ലീഗ് ഹോക്കി കിരീടം സ്വന്തമാക്കി. 2016 ലാണ് ഇന്ത്യ ആദ്യം ചാമ്പ്യന്മാരായത്. ഫൈനലില്‍ എട്ടായിരം പേര്‍ക്കിരിക്കാവുന്ന എം.ജി.ജെ സിംഗ് മുണ്ട സ്റ്റേഡിയത്തില്‍ അതിന്റെ ഏതാണ്ട് ഇരട്ടിയോളം പേര്‍ കളി കാണാന്‍ തിങ്ങിനിറഞ്ഞിരുന്നു. അതിലുമെത്രയോ പേര്‍ സ്റ്റേഡിയത്തിന് പുറത്തെ എട്ട് കൂറ്റന്‍ സ്‌ക്രീനുകളില്‍ കളി വീക്ഷിച്ചു.
ഉച്ച മുതല്‍ സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ തിങ്ങിക്കൂടിയിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പെടെ കളി തുടങ്ങാന്‍ കാത്തിരിക്കെ ഫഌ്‌ലൈറ്റ് തകരാറ് കാരണം 50 മിനിറ്റ് ഫൈനല്‍ വൈകി. ആവേശകരമായിരുന്നു ഫൈനല്‍. സംഗീത കുമാരി, നേഹ, വന്ദന കതാരിയ എന്നിവര്‍ സ്‌കോര്‍ ചെയ്തു. വെങ്കല മെഡല്‍ മത്സരത്തില്‍ ചൈന 2-1 ന് തെക്കന്‍ കൊറിയയെ തോല്‍പിച്ചു. ഏഷ്യന്‍ ഗെയിംസ് ഫൈനലിലും ചൈനയും കൊറിയയുമാണ് ഏറ്റുമുട്ടിയത്.






