മുംബൈ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ മത്സരക്രമം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ കായികപ്രേമികള്‍ കാത്തിരുന്ന ദിനമാണ് ഇന്ന്. സൗദി അറേബ്യയിലെ അല്‍ഹിലാലുമായുള്ള മുംബൈ സിറ്റി എഫ്.സിയുടെ ഹോം മത്സരം. പക്ഷെ ആ കാത്തിരിപ്പ് വെറുതെയായി. ശസ്ത്രക്രിയ കഴിഞ്ഞ് സ്വദേശമായ ബ്രസീലില്‍ വിശ്രമിക്കുന്ന സൂപ്പര്‍സ്റ്റാര്‍ നെയ്മാര്‍ ഇല്ലാതെയാണ് അല്‍ഹിലാല്‍ മുംബൈയിലെത്തിയത്. ഏഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പട്ടം നേടിയ സാലിം അല്‍ദോസരിയുള്‍പ്പെടെ വന്‍ താരനിര അല്‍ഹിലാലിലുണ്ടെങ്കിലും നെയ്മാര്‍ ഇന്ത്യയില്‍ കളിക്കുന്നതു കാണാനാണ് ആരാധകര്‍ കാത്തിരുന്നത്. അല്‍ഫതഹിനെതിരായ സൗദി പ്രൊ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ സെര്‍ജി മിലിന്‍കോവിച് സാവിച്ചും ടീമിനൊപ്പം വന്നിട്ടില്ല.
മുംബൈയില്‍ ഹിലാല്‍ കളിക്കാര്‍ക്ക് ലഭിച്ച സ്‌നേഹോഷ്മള സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ സൗദി ക്ലബ്ബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നിബന്ധനകള്‍ പാലിക്കാനുള്ള ഞെട്ടോട്ടത്തിലാണ് സ്‌റ്റേഡിയം അധികൃതര്‍. 55,000 പേര്‍ക്കിരിക്കാവുന്ന ഈ സ്റ്റേഡിയം പ്രധാനമായും ക്രിക്കറ്റിനായി തയാറാക്കിയതാണ്. 2017 ലെ അണ്ടര്‍-17 ലോകകപ്പിലും 2022 ലെ അണ്ടര്‍-17 വനിതാ ലോകകപ്പിലും വനിതാ ഏഷ്യന്‍ കപ്പിലും ഈ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നിട്ടുണ്ട്.
2014 ലാണ് ഈ സ്റ്റേഡിയം മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായത്. ഇവിടെ ഏഴായിരം പേര്‍ക്ക് കളി കാണാം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ 12,000 പേര്‍ക്കിരിക്കാവുന്ന സമീപത്തെ ശിവ ഛത്രപതി സ്റ്റേഡിയത്തിലാണ്.
എവേ മത്സരത്തില്‍ മുംബൈ സിറ്റി റിയാദില്‍ ആറു ഗോള്‍ വഴങ്ങിയിരുന്നു. കാണികളുടെ പിന്തുണ മുംബൈ ടീമിന്റെ പ്രകടനത്തില്‍ മാറ്റം വരുത്തുമോയെന്നാണ് അറിയേണ്ടത്. ഗ്രൂപ്പ് ഡി-യില്‍ മൂന്ന് റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഹിലാലിനും ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോര്‍ നമംഗനും ഏഴ് പോയന്റ് വീതമാണ്. ഇറാനിലെ നസാജി മസന്ദാരന് മൂന്നു പോയന്റും. മുംബൈ മൂന്നു കളികളും തോറ്റു. ഒരു ഗോള്‍ പോലുമടിച്ചില്ല, 11 ഗോള്‍ വഴങ്ങി.






