കൊല്‍ക്കത്ത - ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി. രണ്ടു പേരുടെയും കരിയറുകളിലൂടെ..
22 വര്‍ഷമെടുത്തു സചിന് 49 സെഞ്ചുറി നേടാന്‍. കോലിക്ക് വേണ്ടിവന്നത് വെറും 15 വര്‍ഷം. ശരാശരി ഓരോ 5.65 ഇന്നിംഗ്‌സിലും കോലി സെഞ്ചുറി നേടി. സചിന്‍ 9.22 ഇന്നിംഗ്‌സ് വേണ്ടി വന്നു.
ചെയ്‌സ് വീരനാണ് കോലി. കോലിയുടെ സെഞ്ചുറികളില്‍ ഇരുപത്തേഴും റണ്‍ ചെയ്‌സിലാണ്. അതില്‍ ഇരുപത്തിമൂന്നിലും ഇന്ത്യ ജയിച്ചു. എന്നാല്‍ സചിന്റെ നാല്‍പത്തൊമ്പതില്‍ പതിനേഴെണ്ണം മാത്രമാണ് റണ്‍ ചെയ്‌സിലുള്ളത്. അതില്‍ മൂന്നെണ്ണം ഇന്ത്യ തോറ്റു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ സചിന്‍ 32 സെഞ്ചുറിയടിച്ചു. കോലിക്ക് സാധിച്ചത് 22 മാത്രം.
സചിന്‍ സെഞ്ചുറി നേടിയ 33 കളികള്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. പതിനാറെണ്ണത്തില്‍ തോറ്റു. എന്നാല്‍ കോലിയുടെ 49 സെഞ്ചുറികളില്‍ നാല്‍പത്തൊന്നും ഇന്ത്യന്‍ ജയത്തിലായിരുന്നു.
സചിന്റെ 29 സെഞ്ചുറികള്‍ വിദേശത്താണ്. കോലിയുടേത് ഇരുപത്താറും. കളിച്ച ഒമ്പത് രാജ്യങ്ങളിലും കോലി സെഞ്ചുറി നേടിയിട്ടുണ്ട്. സചിന്‍ 16 രാജ്യങ്ങളില്‍ കളിച്ചു, സെഞ്ചുറി നേടിയത് പന്ത്രണ്ടെണ്ണത്തിലായിരുന്നു. 34 ഗ്രൗണ്ടുകളില്‍ സചിനും 32 ഗ്രൗണ്ടുകളില്‍ കോലിയും മൂന്നക്കത്തിലെത്തി.
11 രാജ്യങ്ങള്‍ക്കെതിരെ സചിന്‍ സെഞ്ചുറി കരസ്ഥമാക്കി. നാല്‍പത്തിനാല് സെഞ്ചുറികളും ടെസ്റ്റ് ടീമുകള്‍ക്കെതിരെയായിരുന്നു. നാലെണ്ണം കെനിയക്കെതിരെയും ഒന്ന് നമീബിയക്കെതിരെയുമായിരുന്നു. എന്നാല്‍ അസോസിയേറ്റ് ടീമുകളെ ആകെ ആറ് തവണയേ കോലി നേരിട്ടിട്ടുള്ളൂ. അതിലൊന്നും സെഞ്ചുറിയില്ല. 49 സെഞ്ചുറികളും ടെസ്റ്റ് ടീമുകള്‍ക്കെതിരെയായിരുന്നു.






