എജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്‌സില്‍ വിരാട് കോഹ്‌ലി നേടിയ 149 റണ്‍സ് ഏറെ പ്രശംസിക്കപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ മികച്ച ഇന്നിംഗ്‌സാണോ അത്. അഭിപ്രായ വ്യത്യാസമുണ്ടാവും. 1990 ല്‍ ക്യാപ്റ്റനായിരിക്കെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇതിനെക്കാളധികം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ ടീമിനെ സമനിലയിലേക്ക് നയിക്കാനും അസ്ഹറിന് സാധിച്ചു. കോഹ്‌ലി സെഞ്ചുറിയടിച്ച എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.
മൈക്കിള്‍ ആതേര്‍ടന്‍, ഗ്രഹാം ഗൂച്ച്, റോബിന്‍ സ്മിത്ത് എന്നിവരുടെ സെഞ്ചുറികളില്‍ 519 റണ്‍സാണ് ഓള്‍ഡ് ട്രഫോഡില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത.് അസ്ഹറും (179) സചിന്‍ ടെണ്ടുല്‍ക്കറും (68) സഞ്ജയ് മഞ്ചരേക്കറുമാണ് (93) ഇന്ത്യക്കു വേണ്ടി തിരിച്ചടിച്ചത്. ഇന്നത്തെ കോച്ച് രവിശാസ്ത്രിയായിരുന്നു ഇന്ത്യയുടെ ഓപണര്‍. ഇന്ത്യ 432 ന് ഓളൗട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ മഞ്ചരേക്കറും (50) സചിനും (119) മനോജ് പ്രഭാകറും (67) പിടിച്ചുനിന്നു.