കൊല്‍ക്കത്ത - ഈ ലോകകപ്പിലെ രണ്ട് സൂപ്പര്‍ ടീമുകളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ ദക്ഷിണാഫ്രിക്ക ചതഞ്ഞരയുന്നു. വിരാട് കോലിയുടെ 49ാം സെഞ്ചുറിയോടെ ഇന്ത്യ പടുത്തുയര്‍ത്തി അഞ്ചിന് 326 പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 18.4 ഓവറില്‍ ഏഴിന് 67 ലേക്ക് കൂപ്പുകുത്തി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനമുറപ്പാക്കി. നാലാം സ്ഥാനക്കാരുമായാണ് ഇന്ത്യ സെമിഫൈനല്‍ കളിക്കേണ്ടത്. ന്യൂസിലാന്റോ പാക്കിസ്ഥാനോ ആയിരിക്കും മിക്കവാറും എതിരാളികള്‍. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ സാധ്യതയിലേക്കാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും രവീന്ദ്ര ജദേജയുമാണ് ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയത്. വെടിക്കെട്ട് വീരന്മാരായ ക്വിന്റന്‍ ഡികോക്കും (5) റാസി വാന്‍ഡര്‍ഡസനും (11) അയ്ദന്‍ മാര്‍ക്‌റമും (9) ഹയ്ന്റിക് ക്ലാസനും (1) ഡേവിഡ് മില്ലറുമൊക്കെ (11) ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ ബാറ്റ് വെച്ച് കീഴടങ്ങി. ക്യാപ്റ്റന്‍ തെംബ ബവൂമയും (11) വാന്‍ഡര്‍ഡസന്‍, മില്ലര്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്.
മുഹമ്മദ് സിറാജ് (4-1-11-1) ഡികോക്കിനെ പുറത്താക്കി ഇന്ത്യക്ക് ബ്രെയ്ക് ത്രൂ സമ്മാനിച്ചു. പിന്നീട് ജദേജ (6-0-28-4) കടിഞ്ഞാണേറ്റെടുത്തു. വാന്‍ഡര്‍ഡസനെയും മാര്‍ക്‌റമിനെയും ഷമി (4-0-18-2) മടക്കി.
നേരത്തെ രോഹിത് ശര്‍മയാണ് (24 പന്തില്‍ 40) ഇന്ത്യയുടെ ആക്രമണം തുടങ്ങി വെച്ചത്. 5.5 ഓവറിലെ ഓപണിംഗ് കൂട്ടുകെട്ടില്‍ 62 റണ്‍സ് പിറന്നപ്പോള്‍ സിംഹഭാഗവും രോഹിതിന്റെ ബാറ്റില്‍ നിന്നായി. രോഹിതിനെ കഗീസൊ റബാദയും ശുഭ്മന്‍ ഗില്ലിനെ (24 പന്തില്‍ 23) കേശവ് മഹാരാജും പുറത്താക്കിയ ശേഷം കോലിയും (121 പന്തില്‍ 101 നോട്ടൗട്ട്) ശ്രേയസ് അയ്യരും (87 പന്തില്‍ 77) ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. അവസാനം സൂര്യകുമാര്‍ യാദവും (14 പന്തില്‍ 22) രവീന്ദ്ര ജദേജയും (15 പന്തില്‍ 29 നോട്ടൗട്ട്) ആഞ്ഞടിച്ചു. മാര്‍ക്കൊ യാന്‍സന്‍ ഒരു വിക്കറ്റെടുക്കാന്‍ 9.4 ഓവറില്‍ 94 റണ്‍സ് വഴങ്ങി.






