മനുഷ്യബന്ധിതമായ കലയ്ക്ക് മനുഷ്യമനസ്സുകളെ ചേർത്തുനിർത്തുന്നതിലുള്ള പങ്ക് അനിർവചനീയമാണ്. അരനൂറ്റാണ്ടിലേറെ കലാപാരമ്പര്യമുള്ള തലസ്ഥാന നഗരിയിലെ മാർഗിയുടെ നാട്യഗൃഹം സാമൂഹിക മാറ്റത്തിന്റെ പുതിയൊരു വാതായനമാണ് തുറന്നിരിക്കുന്നത്. നങ്ങ്യാർകൂത്തിൽ ഒരു മുസ്‌ലിം യുവതിയുടെ അരങ്ങേറ്റമാണ് അവിടെ നടന്നിരിക്കുന്നത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ഷിബിന റംലയാണ് ക്ഷേത്രകലയിൽ അരങ്ങേറ്റം കുറിച്ചത്.
ഗെയിമിംഗ് ലോകത്തെ അതികായന്മാരായ ബി.ജി.എം.ഐയുടെ നിർമ്മാതാക്കളായ ക്രാഫ്‌റ്റോൺ ഇന്ത്യ കമ്പനിയുടെ എച്ച്.ആർ. അസോസിയേറ്റ് ഡയറക്ടറാണ് ഷിബിന. കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഗെയിമിംഗ് കമ്പനിയുടെ ഒരു കോൺഫറൻസിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഷിബിന. ജോലിത്തിരക്കിനിടയിലും മലയാളം ന്യൂസുമായി അൽപ സമയം സംസാരിക്കാൻ ഈ കലാകാരി തയ്യാറായി. അവരുടെ വാക്കുകളിലേയ്ക്ക്...
കുട്ടിക്കാലംതൊട്ടേ കലയെ ഹൃദയത്തോടു ചേർത്തുനിർത്തിയ കുടുംബം. ഭരതനാട്യവും മോഹിനിയാട്ടവും പാശ്ചാത്യനൃത്തവുമെല്ലാം ചെറുപ്പത്തിലേ അഭ്യസിച്ചിരുന്നു. ബാപ്പ സുലൈമാനും ഉമ്മ റംലയും എന്റെ ആഗ്രഹങ്ങൾക്ക് ഒരിക്കലും വിലങ്ങുതടിയായി നിന്നില്ല. സ്‌കൂൾ പഠനത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലേയ്ക്ക് ചേക്കേറുകയും
പഠനാനന്തരം അവിടെത്തന്നെ ജോലിയും ലഭിച്ചു. ജോലിത്തിരക്കു കാരണം കലയുടെ വാതായനങ്ങൾ കൊട്ടിയടക്കപ്പെട്ട ആ ഇരുണ്ട കാലത്തോട് വിട ചൊല്ലിയത് കൊറോണയുടെ വരവോടെയാണ്. നാടെങ്ങും അടച്ചുപൂട്ടലിന്റെ ആഘാതത്തിൽ കഴിയുമ്പോഴാണ് എന്റെ കലാതാൽപര്യം വീണ്ടും പൊടിതട്ടിയെടുത്തത്. ജോലിസംബന്ധമായ തിരക്കുകളിൽപ്പെട്ട് കലാലോകത്തുനിന്ന് അകന്നുനിൽക്കുമ്പോഴും അതൊരു നഷ്ടബോധമായി മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു- ഷിബിന പറഞ്ഞുതുടങ്ങുന്നു.
രണ്ടുവർഷത്തെ പഠനത്തിനുശേഷമാണ് അരങ്ങേറ്റം നടത്തണമെന്ന ചിന്തയുണ്ടായത്. പഠിച്ചത് എവിടെയെങ്കിലും അവതരിപ്പിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. കുടുംബത്തിൽനിന്നുള്ള പിന്തുണയാണ് എല്ലാത്തിനും സഹായകമായത്. ഭർത്താവും മകളും ഒപ്പം നിന്നു. ഉമ്മയും സഹോദരിയും എല്ലാ പിന്തുണയും നൽകി. കൂത്ത് പഠിക്കണമെന്നു പറഞ്ഞപ്പോഴും എതിർപ്പുമായി അവരാരും എത്താതിരുന്നതും അനുഗ്രഹമായി. ജോലിത്തിരക്കും പഠനവും വീട്ടുജോലിയുമെല്ലാമായപ്പോൾ കട്ട സപ്പോർട്ടുമായെത്തിയത് എൻജിനീയറായ ഭർത്താവ് സുരാജായിരുന്നു. നാലാം ക്ലാസുകാരിയായ മകൾ മിഹിരയും സഹായഹസ്തവുമായി മുൻപന്തിയിലുണ്ടായിരുന്നു.
വർക്ക് ഫ്രം ഹോം കാലത്താണ് ക്ഷേത്രകലകളിൽ എന്തെങ്കിലും പഠിക്കണമെന്ന ചിന്തയുണ്ടായത്. കുട്ടിക്കാലംതൊട്ടേ കഥകളി പഠിക്കണമെന്നായിരുന്നു മോഹം. വർക്ക് ഫ്രം ഹോമായതിനാൽ സമയവും ഏറെയുണ്ട്. എന്നാൽ ക്ലാസിൽ പോയി പഠിക്കുകയെന്നത് അസാധ്യമായിരുന്നു. ഇതിനിടയിലാണ് പ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരിയും അധ്യാപികയുമായ മാർഗി ഉഷ, ഓൺലൈൻ വഴി കൂത്ത് പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞത്. മറ്റൊന്നും ചിന്തിച്ചില്ല. സ്വന്തം നാട്ടിൽതന്നെ ഇങ്ങനെയൊരു അവസരമുണ്ടെങ്കിൽ മറ്റെവിടെയും പോകേണ്ടതില്ലെന്ന് കരുതി ഗുരുനാഥയെ നേരിട്ട് വിളിച്ചു സംസാരിച്ചു. അവർക്കും സമ്മതം. സൂമിലൂടെയായിരുന്നു ക്ലാസ് നടത്തിയത്. ആഴ്ചയിൽ മൂന്നു ദിവസം. കലാതാല്പര്യം കൊണ്ടാകാം. വളരെ വേഗം തന്നെ മുദ്രകളും സംസ്‌കൃത ശ്‌ളോകങ്ങളുമെല്ലാം ഹൃദിസ്ഥമാക്കാൻ കഴിഞ്ഞു. പഠനം തുടരുന്നതിനിടയിൽ കൊറോണയുടെ ഭീതി വിട്ടൊഴിഞ്ഞു. ജീവിതം വീണ്ടും ജോലിത്തിരക്കിലേയ്ക്കു വഴിമാറി. എങ്കിലും പഠനം ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല. ഓഫീസിലെ തിരക്കും ബാംഗ്ലൂർ നഗരത്തിലെ ട്രാഫിക് ബ്‌ളോക്കും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ശരിക്കും അവശയായിരിക്കും. എങ്കിലും കുടുംബനാഥയുടെ റോൾ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒപ്പം കൂത്ത് പഠനവും. കുടുംബജീവിതവും ജോലിയും പാഷനുമെല്ലാം ഇഴചേർത്തുപോയത് മനസ്സിന്റെ ഇച്ഛാശക്തി കൊണ്ടുമാത്രമായിരുന്നുവെന്ന് ഷിബിന ഓർക്കുന്നു.
രണ്ടുവർഷത്തെ പഠനത്തിനുശേഷമാണ് അരങ്ങേറ്റം നടത്തണമെന്ന ചിന്തയുണ്ടായത്. പഠിച്ചത് എവിടെയെങ്കിലും അവതരിപ്പിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. കുടുംബത്തിൽനിന്നുള്ള പിന്തുണയാണ് എല്ലാത്തിനും സഹായകമായത്. ഭർത്താവും മകളും ഒപ്പം നിന്നു. ഉമ്മയും സഹോദരിയും എല്ലാ പിന്തുണയും നൽകി. കൂത്ത് പഠിക്കണമെന്നു പറഞ്ഞപ്പോഴും എതിർപ്പുമായി അവരാരും എത്താതിരുന്നതും അനുഗ്രഹമായി. ജോലിത്തിരക്കും പഠനവും വീട്ടുജോലിയുമെല്ലാമായപ്പോൾ കട്ട സപ്പോർട്ടുമായെത്തിയത് എൻജിനീയറായ ഭർത്താവ് സുരാജായിരുന്നു. നാലാം ക്ലാസുകാരിയായ മകൾ മിഹിരയും സഹായഹസ്തവുമായി മുൻപന്തിയിലുണ്ടായിരുന്നു.
അരങ്ങേറ്റത്തിനു മുൻപായി മൂന്നാഴ്ചയോളം ഗുരുമുഖത്തുനിന്ന് നേരിട്ട് വിദ്യ അഭ്യസിക്കാനായി വലിയശാലയിലെ മാർഗി കൂടിയാട്ട വിദ്യാലയത്തിലും എത്തിയിരുന്നു. അരങ്ങേറ്റത്തിന്റെ ഒരുക്കങ്ങൾക്കായിരുന്നു ഈ വരവ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു അരങ്ങേറ്റം നടന്നത്. തന്റെ മുപ്പത്തിയേഴാം വയസ്സിൽ അരങ്ങേറ്റം നടത്തുമ്പോൾ ജാതിമത ചിന്തകളോ പ്രായഭേദമോ കലയ്ക്കില്ലെന്ന് അടിവരയിടുക കൂടിയായിരുന്നു. കുട്ടിക്കാലംതൊട്ടേ നൃത്തം അഭ്യസിച്ചിരുന്നെങ്കിലും അവയിൽനിന്നെല്ലാം വളരെ വിഭിന്നമായിരുന്നു കൂത്ത്. എടുത്തുപറയാവുന്ന സാമ്യം ചില മുദ്രകൾ പൊതുവായിട്ടുണ്ടെന്നതായിരുന്നു. ക്ലാസിക്കൽ നൃത്തകലകൾക്ക് നൃത്തചുവടുകളാണ് പ്രധാനം. എന്നാൽ കൂത്തിൽ മുദ്രകൾക്കും കൺചലനങ്ങൾക്കുമാണ് പ്രാധാന്യം. ആശയവിനിമയത്തിനുള്ള ഉപാധിയും ഇതുതന്നെയായിരുന്നു.
ശ്രീകൃഷ്ണലീലയായിരുന്നു കൂത്തിനായി തിരഞ്ഞെടുത്തത്. ഗുരു തന്നെയായിരുന്നു ഈ കഥ തിരഞ്ഞെടുത്തത്. കുട്ടിത്തം നിറഞ്ഞ തന്റെ പ്രകൃതം കണ്ടാണ് ഈ കഥ ഒരുക്കിയതെന്ന് ഗുരുവും സമ്മതിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ കുസൃതികൾ തനിക്കും ഇഷ്ടമായിരുന്നു. പടിയരഞ്ഞാണവും കിരീടവുമണിഞ്ഞ് മാർഗിയുടെ നാട്യഗൃഹവേദിയിൽ നിൽക്കുമ്പോൾ ശരിക്കും പേടിയുണ്ടായിരുന്നു. ആദ്യമായി വേദിയിലെത്തുന്ന ഒരു കുട്ടിയുടെ പരിഭ്രമം. എന്നാൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്ന കൂത്തിലൂടെ കാണികളെ ശരിക്കും ആനന്ദത്തിലാറാടിക്കാൻ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.
ശ്രീകൃഷ്ണനായും യശോദയായും ഗോപികമാരായും അരങ്ങിൽ നിറഞ്ഞാടുകയായിരുന്നു. പ്രകടനം നന്നായെന്ന് പലരും പറഞ്ഞപ്പോൾ ഏറെ ആത്മവിശ്വാസമായി. പരിപാടി കാണാനും വാർത്തയാക്കാനും മാധ്യമങ്ങൾ എത്തിയതും ഏറെ സന്തോഷം ജനിപ്പിക്കുന്നതായിരുന്നു.
ഗുരുനാഥയായ മാർഗി ഉഷയ്ക്കും ഷിബിനയെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളു. ഇത്രയും ആത്മാർഥതയോടെയും അർപ്പണ ബോധത്തോടെയും ഈ കലയെ കാണുന്നവർ അപൂർവ്വമാണ്. ആഗ്രഹം കൊണ്ടാണ് അവർ ഈ കല അഭ്യസിക്കാനെത്തിയത്. ആ ആത്മാർഥത അവരുടെ പ്രവൃത്തിയിലും തെളിഞ്ഞുകാണാം. ജോലി സംബന്ധമായ തിരക്കായതിനാൽ അവരുടെയും എന്റെയും സൗകര്യത്തിനനുസരിച്ചാണ് ക്ലാസുകൾ ഒരുക്കിയിരുന്നത്. അരങ്ങേറ്റത്തിനായി ഇരുപതു ദിവസത്തോളം ഇവിടെയുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ ഇവിടെ എത്തിയിരുന്നെങ്കിൽ കൂടുതൽ ഉയരങ്ങളിലെത്താൻ അവർക്ക് കഴിയുമായിരുന്നു. എല്ലാം ഒരു നിയോഗം - ടീച്ചർ പറഞ്ഞുനിർത്തുന്നു.
കലാരംഗത്തുതന്നെ തുടരാനാണ് ആഗ്രഹമെന്ന് ഷിബിന പറയുന്നു. പഠിച്ചു തുടങ്ങിയിട്ടേയുള്ളു. ഇനിയും ഏറെ പഠിക്കാനുണ്ട്. സാധാരണക്കാർക്കു കൂടി മനസ്സിലാകുന്ന രീതിയിൽ ഈ കലാരൂപത്തെ കൂടുതൽ ലളിതമാക്കണമെന്ന മോഹവും ഈ കലാകാരിക്കുണ്ട്. പാരമ്പര്യത്തിൽനിന്നും വ്യതിചലിക്കാതെയുള്ള മാറ്റമാണ് വേണ്ടത്. ശ്രീകൃഷ്ണലീല ഇനിയും വേദികളിൽ അവതരിപ്പിക്കണമെന്നുണ്ട്. അടുത്ത ജനുവരിയിൽ തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നുണ്ട്. ഇൻഫോസിസിന്റെ സ്‌പോൺസർഷിപ്പിലാണ് പരിപാടി അരങ്ങേറുന്നത്. അതിനുള്ള ഒരുക്കത്തിലാണിപ്പോൾ.
നങ്ങ്യാർകൂത്ത് എന്ന കലാരൂപം പഠിക്കാനെത്തുന്നവർ കുറവാണ്. വിദ്യാർഥികളിൽ പലരും എത്തുന്നത് കലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി മാത്രം. മത്സരങ്ങളിൽ വിജയം നേടുന്നതിൽ കവിഞ്ഞ് ഈ കലാരൂപത്തെക്കുറിച്ച് കൂടുതലറിയാനും അവർക്ക് താൽപര്യമില്ല. ഗൗരവമായി പഠിക്കുകയും അരങ്ങിൽ അവതരിപ്പിക്കുകയും ചെയ്യാൻ തയ്യാറുള്ളവർ എത്തിയാലേ ഈ കലാരൂപം കാലാതിവർത്തിയായി നിലകൊള്ളുകയുള്ളു എന്ന അഭിപ്രായവും ഈ കലാകാരിക്കുണ്ട്. എല്ലാറ്റിനും ഉഷ ടീച്ചർ കൂടെയുള്ളതാണ് ധൈര്യമെന്നും അവർ അടിവരയിടുന്നു.