ഖത്തറിലെ ഡി.പി.എസ് മൊണാർക് സ്‌കൂൾ മലയാളം വകുപ്പ് മേധാവിയും എഴുത്തുകാരിയുമായ സ്മിത ആദർശ് അക്ഷരലോകത്ത് ഏറെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയിൽ കയ്യൊപ്പ് ചാർത്തിയ അവരുടെ അക്ഷരലോകം മനോഹരമാണ്. വായനക്കാരുടെയും സാഹിത്യ സാംസ്‌കാരിക ഇടങ്ങളിലെയും ഇഷ്ട താരവും, ശ്രദ്ധേയ എഴുത്തുകാരിയുമായ സ്മിതയുടെ കഥകളും ലേഖനങ്ങളും വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്.
തൃശൂർ ജില്ലയിലെ ചേറൂരിൽ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരായിരുന്ന ബാലകൃഷ്ണന്റേയും രതിയുടേയും മകളായി ജനിച്ച സ്മിതക്ക് കുട്ടിക്കാലം മുതലേ പുസ്തകങ്ങളോട് പ്രണയമായിരുന്നു. കലയും സാഹിത്യവും വൈജ്ഞാനിക പ്രബുദ്ധതയും കൊണ്ടനുഗൃഹീതമായ ചുറ്റുപാടിൽ സ്മിതയുടെ വായനക്കമ്പം തിരിച്ചറിഞ്ഞ ചെറിയച്ഛൻ തൃശൂർ പബ്ലിക് ലൈബ്രറിയിൽ നിന്നും യഥേഷ്ടം പുസ്തകങ്ങൾ എടുത്ത് കൊടുത്തത് സ്മിതയുടെ വായനയുടെ ലോകം വിശാലമാക്കി.

ചെറുപ്പം മുതലേ സ്‌കൂൾ കോളേജ് തലങ്ങളിലൊക്കെ കഥകളും ലേഖനങ്ങളുമെഴുതി സമ്മാനം നേടിയിട്ടുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സ്മിത 2004 ആണ് ദോഹയിലെത്തിയത്. അതോടെയാണ് സജീവമായി എഴുത്തിലേക്ക് തിരിഞ്ഞത്. ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക വേദികൾ പലപ്പോഴായി സംഘടിപ്പിച്ച വിവിധ മൽസരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാറുള്ള സ്മിത ടീച്ചർ മൽസര ലോകത്തും എഴുത്തിലും തന്റെ ജൈത്രയാത്ര തുടരുകയാണ്.
മനസ്സിൽ തോന്നുന്ന വിചാരവികാരങ്ങൾ പങ്ക് വെക്കാനും ആശയവിനിമയം നടത്താനും 2008 മുതൽ തന്നെ സ്വന്തമായി ബ്‌ളോഗ് തുടങ്ങിക്കൊണ്ടാണ് സ്മിത സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവമായത്. കാലിക പ്രസക്തമായ പല പോസ്റ്റുകളും സ്മിതയുടെ ബ്‌ളോഗിലൂടെ വെളിച്ചം കണ്ടപ്പോൾ അക്ഷര ലോകം അത് ശ്രദ്ധിച്ചു. അങ്ങനെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബ്‌ളോഗന എന്ന പംക്തിയിൽ സ്മിതയുടെ പോസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്‌ളോഗനയിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിതാ ബ്‌ളോഗർ എന്നതും സ്മിതക്ക് അവകാശപ്പെട്ടതായി. പിന്നീട് മറ്റൊരു പോസ്റ്റും കൂടി ബ്‌ളോഗനയിൽ വെളിച്ചം കണ്ടു.
2006 ൽ ഖത്തർ സംസ്‌കൃതിയുടെ 'മിഴി' യിലാണ് സ്മിതയുടെ ആദ്യ കഥ അച്ചടിച്ച് വന്നത്. അവിടുന്നങ്ങോട്ട് കഥകളും ലേഖനങ്ങളുമായി സ്മിത ആദർശ് എന്ന എഴുത്തുകാരി അറിയപ്പെടുകയായിരുന്നു. 2009 മുതൽ ഖത്തറിലെ വിവിധ സ്‌കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച സ്മിത ജീവിതം കവിതപോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല സമൂഹത്തിന് തന്നെ മാതൃകയായി അവതരിപ്പിച്ചാണ് സാമൂഹിക ജീവിതം സാർഥകമാക്കുന്നത്.

പരന്ന വായന നൽകിയ അനുഭവ സമ്പത്തും ഭാവനയുടെ മേമ്പൊടിയും കലർന്ന ടീച്ചറുടെ സംസാരം തന്നെ കവിത വായിക്കുന്ന സൗന്ദര്യമാണ് സമ്മാനിക്കുക. ശക്തമായ വികാരങ്ങളുടെ സ്വതഃസിദ്ധമായ ഒഴുക്കും നിഷ്‌കളങ്കമായ നിരീക്ഷണങ്ങളും കേൾവിക്കാരനെ പിടിച്ചിരുത്തും. ടീച്ചറുടെ എഴുത്തിലും വശ്യമനോഹരമായ ഈ സവിശേഷത കാണാനാകും.
സ്മിത ആദർശ് എന്ന എഴുത്തുകാരി സാഹിത്യ ലോകത്ത് പുതിയതല്ല. ബ്ലോഗ് കാലം മുതൽ കഥകളായ്, ലേഖനങ്ങളായ് , ഓർമ്മകുറിപ്പുകളായ് സ്മിതയുണ്ട്. ഒഴുക്കുള്ള ഭാഷകൊണ്ട് വായനക്കാർക്ക് പ്രിയങ്കരിയായ സ്മിത ഇപ്പോൾ കൂടുതൽ ശ്രദ്ധേയയാകുന്നത് തന്റെ കന്നി പുസ്തകമായ വാസ്ജന പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ ദിവസമാണ് തൃശൂർ കറന്റ് ബുക്‌സിൽ നിന്നും വാസ്ജന പുറത്തു വന്നത്. പലപ്പോഴായി എഴുതിയ കഥകളിൽ നിന്നും തെരഞ്ഞെടുത്ത 11 കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പേരിലെ പുതുമ തന്നെയാകാം പുസ്തകത്തിന്റെ ഒരു സവിശേഷത. പലായനം എന്നർഥമുള്ള പഞ്ചാബി പദമാണ് വാസ്ജന എന്നാണ് ടീച്ചർ വിശദീകരിച്ചത്. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ കോളിളക്കം സൃഷ്ടിച്ച സിഖ് വിരുദ്ധകലാപം, ഓപറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങിയവയെ തുടർന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്കുള്ള പഞ്ചാബികളുടെ പലായനവും അതിനിടയിലെ ഉദ്വേഗജനകമായ സംഭവവികാസങ്ങളുമൊക്കെയാണ് കഥയുടെ ഇതിവൃത്തം. ജീവിതത്തിൽ നിന്നും ചിന്തയിൽ നിന്നും ഒരിക്കലും പലായനം ചെയ്യാത്ത അച്ഛനോർമകളാണ് വാസ്ജനയിലെ മിക്ക കഥകളും സമ്മാനിക്കുന്നത്.
ചരിത്രത്തിന്റെ ഇടനാഴികകളിൽ മലയാളികൾ അധികം ശ്രദ്ധിക്കാതെ കടന്നുപോയ ചില ഏടുകളെ വൈകാരിക തീവ്രതയോടെ ഇരുത്തം വന്ന ഒരെഴുത്തുകാരിയുടെ കരവിരുതിൽ വരച്ചുവെക്കുന്നുവെന്നതാണ് വാസ്ജനയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് തോന്നുന്നു.
ഒന്നര പതിറ്റാണ്ടിലേറെകാലം സജീവമായി എഴുതിയ ശേഷം ആദ്യ പുസ്തകം പുറത്തിറക്കുന്നതുകൊണ്ടും പ്രശസ്തയായ അധ്യാപികയായി ജനകീയയായതുകൊണ്ടും ഏറെ ശ്രദ്ധയോടെയാണ് വാസ്ജനയിലെ ഓരോ കഥയും തെരഞ്ഞെടുത്തിരിക്കുന്നത്.
കെ. വി മണികണ്ഠന്റെ പ്രൗഢമായ അവതാരിക ഈ കഥാസമാഹാരത്തെ ധന്യമാക്കുന്നു. അവതാരികയിൽ അദ്ദേഹമെഴുതുന്നു: അവതാരിക എന്നതിനെക്കാൾ വിയോജനക്കുറിപ്പാണിതെന്ന് വിശേഷിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. അത് ന്യായവുമാണെന്ന് ഇത് വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് തോന്നും. ഉറപ്പ്.
ഈ എഴുത്തുകാരി എനിക്കേറ്റവും പ്രിയപ്പെട്ട സ്ത്രീകളിൽ ഒരാളാണെന്നതുകൊണ്ട് മാത്രമല്ല ഇവരുടെ ആദ്യപുസ്തകം വായനക്കാർക്ക് മുമ്പിലേക്ക് വയ്ക്കാൻ നിയുക്തനാവുകയെന്ന ദൗത്യം സന്തോഷപൂർവം ഏറ്റെടുക്കാൻ ഞാൻ തയ്യാറായത്. എം.ടി പഠിപ്പിച്ച ഒരു കാര്യമുണ്ട്. ഒരു രചയിതാവിന്റെ ഒന്നാം പ്രയോറിറ്റി വായിപ്പിക്കുക എന്നുള്ളതാണ്. രണ്ടാം പ്രയോറിറ്റിയും വായിപ്പിക്കുക എന്നുള്ളതാണ്. മൂന്നാം പ്രയോറിറ്റിയും മറ്റൊന്നുമല്ല വായിപ്പിക്കുക എന്നുള്ളതാണ്. ഈ ഒരു സംഗതി വെച്ച് ഈ സമാഹാരത്തിലെ കഥകളെ നോക്കുമ്പോൾ എഴുത്തുകാരി ഇക്കാര്യത്തിൽ നൂറ്്് ശതമാനം വിജയിച്ചു എന്ന് കാണാം. ഒരു സംശയവും അതിലില്ല. ദാഹിച്ചുവരുമ്പോൾ ഒരു മൺതൊട്ടിയിൽ തണുത്ത തെളിനീർ കുടിക്കാൻ ലഭിക്കുന്ന പോലെ അയത്‌നലളിതവും മധുരമൂറുന്നതുമായ ഭാഷയാണ് സ്മിതയുടേത്.
രണ്ടാമതായി, ഈ സമാഹാരത്തിലെ കഥകൾ വച്ച് വിലയിരുത്തുമ്പോൾ എന്നെ ആകർഷിച്ച വസ്തുത വിഷയസ്വീകരണം ആണ്. അതിലെ വൈവിധ്യങ്ങൾ. ഏറെ വർഷങ്ങളായി കുടുംബാംഗം പോലെ തന്നെ എനിക്ക് അടുത്തറിയാവുന്ന സ്മിതയുടെ ചിന്താപരിസരങ്ങൾ സ്വന്തമെന്നപോലെ വായിച്ചെടുക്കാൻ പറ്റുന്നൊരുവനാണു ഞാൻ. അതിനാൽ തന്നെ കഥയുമായ് ഇവൾ കൊണ്ടുവരുന്ന വിഷയങ്ങൾ എന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ട്. എഴുത്താളിന്റെ ഭൗതിക/ചിന്താപരിസരങ്ങളാണ് കഥയിലുണ്ടാവുക എന്നതിനെപ്പറ്റി ഏറെ ഗവേഷണപരീക്ഷണങ്ങൾ നടന്നിട്ടുണ്ടാകാം. എന്നാൽ ഈ എഴുത്തുകാരിയുടെ കഥകൾ വച്ച് ഇവരെ പഠിക്കാൻ ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം! ആന്തരികമായ യാത്രകൾ സ്മിത ഏറെ നടത്തിയിട്ടുണ്ടെന്നു സ്പഷ്ടം. ഈ സമാഹാരത്തിലെ വാസ്ജന എന്ന ആദ്യകഥ മുതൽ ജൻപഥിലെ ഞായറാഴ്ചകൾ എന്ന അവസാന കഥ വരെ വായിച്ചു കഴിയുമ്പോൾ നിങ്ങൾ ഞാനീപ്പറഞ്ഞതിനോട് യോജിക്കുമെന്ന് ഉറപ്പ്.
നിങ്ങൾ വായിക്കാൻ പോകുന്ന ഈ കഥകളിൽ പലതും സ്മിത ചില സ്‌നേഹനിർബന്ധങ്ങൾ മൂലം എഴുതിയതാണ്. ഇക്കഥകളുടെയെല്ലാം തന്നെ ആദ്യവായനക്കാരൻ എന്ന നിലയ്ക്ക് എനിക്കിത് കൃത്യമായ് അറിയാം. നാടേ പറഞ്ഞ വിയോജിപ്പ് അതിലാണ്. ഒട്ടും സമയമില്ലാതെ ഡെഡ് ലൈൻ മണിക്കൂറുകളിൽ എഴുതിത്തീർത്ത് അയച്ചിട്ടും ഇക്കഥകളിലെ ഊർജ്ജം നിങ്ങൾ ശ്രദ്ധിക്കൂ. അതുകൊണ്ട് ഈ എഴുത്തുകാരിയോടെനിക്കുള്ള വിയോജിപ്പോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
'എഴുത്തിൽ സമയം നിക്ഷേപിക്കാൻ സ്മിതാ ആദർശ് എന്ന് തീരുമാനിക്കുന്നുവോ അന്ന് മലയാളത്തിലെ മുൻ നിരയിൽ ഒരു എഴുത്തുകാരി ജനിക്കും.'
പുസ്തകം വായിച്ചുതീരുമ്പോൾ അല്ല അതിന് മുമ്പ് തന്നെ സ്മിത ആദർശ് മലയാളത്തിലെ മുൻനിര എഴുത്തുകാരിൽ സ്ഥാനം പിടിച്ചതായാണ് നമുക്ക് അനുഭവപ്പെടുക. നിർമലമായ വായനയുടെ സൗന്ദര്യവും സൗരഭ്യവും ആവോളം സൂക്ഷിക്കുന്ന വാസ്ജനയിലെ മനോഹരമായ കഥകൾ വായനക്കാരെ പിടിച്ചിരുത്തുമെന്നുറപ്പാണ് .
വീട്ടിനോട് ചേർന്ന സ്മിതയുടെ പച്ചക്കറിത്തോട്ടം ഹരിത ഭംഗി മാത്രമല്ല മനസിനും ചിന്തക്കും കുളിരുപകരുന്ന കാഴ്ചയാണ് . മരുഭൂമിയെ മലർവാടിയാക്കി ഓർഗാനിക് കൃഷിയിലെ വിജയകരമായ പരീക്ഷണങ്ങളാണ് സ്മിത നടത്തുന്നത്.
വരകളാണ് അവരുടെ മറ്റൊരു ഹോബി. മൂന്ന് വർഷം മുമ്പ് ബ്‌ളോഗർമാരുടെ കൂട്ടായ്മ നടത്തിയ നൂറ് ദിന വരയിൽ സജീവമായി പങ്കെടുത്ത ടീച്ചർ ഓരോ ദിവസവും മുടങ്ങാതെ വരച്ച് തന്റെ സൃഷ്ടികളെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.നല്ല ഒരു പാചകക്കാരി കൂടിയായ ഈ ടീച്ചർ മീഡിയ വൺ നടത്തിയ കുക്കറി ഷോയിലെ മികച്ച പത്ത് പേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും രാജ് കലേഷിനൊപ്പം കുക്കറി ഷോ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഖത്തറിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സ്മിതയുടെ ഭർത്താവ് ആദർശ് ബിസിനസുകാരനാണ് . കോഴിക്കോട് എൻ.ഐ.ടിയിൽ ബി ആർകിന് പഠിക്കുന്ന ലക്ഷ്മി നന്ദനയും ഡി.പി.എസ് വിദ്യാർഥിനി ഗായത്രി നന്ദനയുമാണ് മക്കൾ.






