ക്ലബ്ബ് പുറത്താക്കിയിട്ടും കുലുക്കമില്ല, ഫലസ്തീനെ പിന്തുണച്ച് ഡച്ച് താരം

മ്യൂണിക് - ഫലസ്തീനെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയ കമന്റിന്റെ പേരില്‍ ഡച്ച് സ്‌ട്രൈക്കര്‍ അന്‍വര്‍ അല്‍ഗാസിയുമായുള്ള കരാര്‍ ജര്‍മന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബ് മയ്ന്‍സ് അവസാനിപ്പിച്ചു. കഴിഞ്ഞ മാസം അല്‍ഗാസിയെ സസ്‌പെന്റ് ചെയ്ത ക്ലബ്ബ് താരം മാപ്പ് പറഞ്ഞെന്നും തിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അല്‍ഗാസി നിലപാടില്‍ ഉറച്ചുനിന്നു. 
ഞാന്‍ യുദ്ധത്തിനും അക്രമത്തിനുമെതിരാണ്. നിരപരാധികളെ വധിക്കുന്നതിന് എതിരാണ്. എല്ലാ വിവേചനങ്ങള്‍ക്കുമെതിരാണ്. ഇസ്ലാമോഫോബിയക്കെതിരാണ്. ജൂതവിവേചനത്തിനെതിരാണ്. മനുഷ്യക്കുരുതിക്കെതിരാണ്. വംശവെറിക്കെതിരാണ്. അധിനിവേശത്തിനെതിരാണ്. അടിച്ചമര്‍ത്തലിനെതിരാണ് - ഇരുപത്തെട്ടുകാരന്‍ പ്രതികരിച്ചു. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിന്റെ പേരിലുണ്ടായ നഷ്ടത്തില്‍ ദുഃഖമില്ലെന്നും താരം പറഞ്ഞു. 
ഒറ്റപ്പെട്ടാലും നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ആയിരക്കണക്കിന് നിരപരാധികളുടെ മേല്‍ തീബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ എനിക്ക് ജീവിതോപാധി നഷ്ടപ്പെടുന്നത് വലിയ കാര്യമല്ല. ഒരു രാജ്യവും ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയാണെന്ന് കരുതുന്നില്ല. ഒരു രാജ്യവും രാജ്യാന്തര നിയമങ്ങള്‍ക്ക് അതീതമല്ല. ഗസയില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ ലോകം നോക്കിനില്‍ക്കുന്നതിന് ന്യായീകരണമില്ല -അല്‍ഗാസി പറഞ്ഞു. 


 

Latest News