ബംഗളൂരു - ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റണ്ണൊഴുക്കിന്റെ പെരുമഴ സൃഷ്ടിച്ചിട്ടും ലോകകപ്പില്‍ ന്യൂസിലാന്റ് തുടര്‍ച്ചയായ നാലാമത്തെ പരാജയം. ഓപണര്‍ രചിന്‍ രവീന്ദ്രയും (94 പന്തില്‍ 108) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും (79 പന്തില്‍ 95) മുതല്‍ ബാറ്റെടുത്ത എല്ലാവരും ആഞ്ഞടിച്ചപ്പോള്‍ ആറിന് 401 റണ്‍സാണ് കിവീസ് പടുത്തുയര്‍ത്തിയത്. ഓപണര്‍ അബ്ദുല്ല ശഫീഖിനെ (4) രണ്ടാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ പതറിയില്ല. ഓപണര്‍ ഫഖര്‍ സമാന്‍ (81 പന്തില്‍ 126 നോട്ടൗട്ട്) ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ പാക്കിസ്ഥാന്‍കാരനായി. ക്യാപ്റ്റന്‍ ബാബര്‍ അസം (63 പന്തില്‍ 66 നോട്ടൗട്ട്) ഒപ്പത്തിനൊപ്പം നിന്നു.
21.3 ഓവറില്‍ ഒന്നിന് 160 ല്‍ പാക്കിസ്ഥാന്‍ കുതിക്കുമ്പോള്‍ ആദ്യം മഴ ഇടങ്കോലിട്ടു. അപ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്‍ 10 റണ്‍സ് മാത്രം മുന്നിലായിരുന്നു. ഒന്നര മണിക്കൂറിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ 41 ഓവറില്‍ 342 റണ്‍സായി ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. അതോടെ പാക്കിസ്ഥാന്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. 25.3 ഓവറില്‍ ഒന്നിന് 200 ലെത്തി നില്‍ക്കെ വീണ്ടും എത്തിയ മഴയില്‍ റണ്‍മഴ പൂര്‍ണമായി അലിഞ്ഞു. ബാറ്റിംഗ് പുനരാരംഭിച്ചപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതിരുന്നത് പാക്കിസ്ഥാന് തുണയായി. സ്പിന്നര്‍ ഈശ് സോധിയെ ഇരുപത്തഞ്ചാം ഓവര്‍ റെിയിച്ചത് ന്യൂസിലാന്റിന് സംഭവിച്ച പിഴവുമായി. മൂന്ന് സിക്‌സര്‍ പിറന്ന ആ ഓവറില്‍ പാക്കിസ്ഥാന്‍ 20 റണ്‍സ് നേടി. 29 റണ്‍സിന് അവര്‍ ജയിച്ചു.
കൊടുങ്കാറ്റായി സമാന്‍
ഫോമില്‍ തിരിച്ചെത്തിയ ഫഖര്‍ സമാനാണ് പാക്കിസ്ഥാനെ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ സഹായിച്ചത്. 11 സിക്‌സറും എട്ട് ബൗണ്ടറിയുമാണ് സമാന്‍ പറത്തിയത്. രണ്ട് ടീമുകള്‍ക്കും എട്ട് പോയന്റ് വീതമാണ്. ഇപ്പോഴും മികച്ച റണ്‍റെയ്റ്റ് ന്യൂസിലാന്റിനാണ്. സെമി ഫൈനല്‍ പ്രവേശത്തിന് മിക്കവാറും റണ്‍റെയ്റ്റാവും മാനദണ്ഡം. റണ്‍റെയ്റ്റില്‍ ന്യൂസിലാന്റിനെ മറികടക്കാന്‍ പാക്കിസ്ഥാന്‍ 35.3 ഓവറില്‍ 402 റണ്‍സ് ലക്ഷ്യം മറികടക്കണമായിരുന്നു. ഇംഗ്ലണ്ടുമായാണ് പാക്കിസ്ഥാന്റെ അവസാന ലീഗ് മത്സരം. ന്യൂസിലാന്റിന് കളിക്കേണ്ടത് ശ്രീലങ്കയുമായാണ്.
നാല് സിക്‌സറും നാല് ബൗണ്ടറിയുമായി 39 പന്തില്‍ അര്‍ധ ശതകം പിന്നിട്ട സമാന്‍ അവിടെ നിന്ന് 24 പന്തില്‍ സെഞ്ചുറി കടന്നു. 63 പന്തില്‍ ഒമ്പത് സിക്‌സറും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു സെഞ്ചുറിയില്‍.
മൂന്നാം സെഞ്ചുറി
നേരത്തെ ലോകകപ്പിലെ മൂന്നാമത്തെ സെഞ്ചുറിയോടെ രചിന്‍ ന്യൂസിലാന്റ് ബാറ്റിംഗിന് ചുക്കാന്‍ പിടിച്ചു. രചിന്‍ ഒരു സിക്‌സറും 15 ബൗണ്ടറിയും പായിച്ചപ്പോള്‍ രണ്ട് സിക്‌സറും 10 ബൗണ്ടറിയുമായി വില്യംസന്‍ ഒപ്പത്തിനൊപ്പം നിന്നു. മൂന്ന് സെഞ്ചുറിക്കു പുറമെ രചിന്‍ ലോകകപ്പില്‍ രണ്ട് അര്‍ധ ശതകവും നേടി. മുപ്പത്താറാം ഓവറില്‍ മുഹമ്മദ് വസീമാണ് രചിനെ പുറത്താക്കിയത്.
രചിനും ഡെവേണ്‍ കോണ്‍വെയും (39 പന്തില്‍ 35) സൂക്ഷിച്ചാണ് തുടങ്ങിയത്. കോണ്‍വെയെ ഹസന്‍അലി പുറത്താക്കിയ ശേഷമാണ് കിവീസ് വേഗം കൂട്ടിയത്. രചിനും വില്യംസനും 180 റണ്‍സ് അടിച്ചെടുത്തു. ഇരുവരും തുടര്‍ച്ചയായ ഓവറുകളില്‍ ബൗണ്ടറി വരയില്‍ പിടികൊടുത്തെങ്കിലും ഡാരില്‍ മിച്ചലും (18 പന്തില്‍ 29) മാര്‍ക്ക് ചാപ്മാനും (27 പന്തില്‍ 39) ഗ്ലെന്‍ ഫിലിപ്‌സും (25 പന്തില്‍ 41) മിച്ചല്‍ സാന്റ്‌നറും (17 പന്തില്‍ 26 നോട്ടൗട്ട്) റണ്ണൊഴുക്ക് നിലനിര്‍ത്തി. പെയ്‌സ്ബൗളര്‍മാരായ ശാഹീന്‍ അഫ്‌രീദിയും (10-0-90-0) ഹസന്‍ അലിയും (10-0-82-1) ഹാരിസ് റഊഫും (10-0-85-1) എട്ടിന് മുകളില്‍ നിരക്കില്‍ റണ്‍ വഴങ്ങിയപ്പോള്‍ യുവ പെയ്‌സര്‍ വസീം മൂന്നു വിക്കറ്റെടുത്തു (10-0-60-3).






