മുംബൈ - ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ് ഗ്രൗണ്ട് വിട്ട ശേഷം വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനായി കാത്തുനിന്നവര്‍ക്ക് നിരാശ. ഒരു കളിയില്‍ വിശ്രമം എന്നു പറഞ്ഞ നിസ്സാര പരിക്ക് ഒടുവില്‍ ഓള്‍റൗണ്ട് ലോകകപ്പ് സ്വപ്‌നം തകര്‍ത്തു. ഹാര്‍ദിക്കിന് പകരം പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ ടീമിലുള്‍പെടുത്തി. 17 ഏകദിനങ്ങളില്‍ 29 വിക്കറ്റെടുത്തിട്ടുണ്ട് കര്‍ണാടക പെയ്‌സര്‍. ലോകകപ്പില്‍ കളിക്കാനാവില്ലെന്നത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും മനസ്സ് ടീമിനൊപ്പമുണ്ടാവുമെന്നും ഹാര്‍ദിക് പറഞ്ഞു.
ഹാര്‍ദിക്കിനെ പോലെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ സംഭാവന നല്‍കാന്‍ പ്രസിദ്ധിന് സാധിക്കില്ല. രണ്ട് കളിക്കാരെ മാറ്റിയാണ് ഹാര്‍ദിക്കിന്റെ അഭാവം പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ പരിഹരിച്ചത്. മുഹമ്മദ് ഷമിയെ ബൗളറായും സൂര്യകുമാര്‍ യാദവിനെ ബാറ്ററായും ഉള്‍പെടുത്തി. ശാര്‍ദുല്‍ താക്കൂറിനെ പിന്‍വലിച്ചു. ഷമിയും സൂര്യയും ഉജ്വല ഫോമിലാണ് എന്നതിനാല്‍ ഹാര്‍ദിക്കിന്റെ അഭാവം വലുതായി അനുഭവപ്പെട്ടില്ല. എന്നാല്‍ ഹാര്‍ദിക് വിട്ടുനിന്ന ശേഷം ഇന്ത്യ അഞ്ച് ബൗളര്‍മാരുമായാണ് കളിക്കുന്നത്. ഏതെങ്കിലും ഒരാള്‍ മങ്ങിയാല്‍ പകരം വെക്കാനാളുണ്ടാവില്ല.






