ഒന്നാം സ്ഥാനത്തിനായി ഈഡനില്‍ ഇന്ത്യയുടെ പോരാട്ടം

ഇന്ത്യxദക്ഷിണാഫ്രിക്ക
കൊല്‍ക്കത്ത, നാളെ ഉച്ച 11.30

കൊല്‍ക്കത്ത - വെടിക്കെട്ട് ബാറ്റിംഗും തീപ്പറക്കും ബൗളിംഗും കൊണ്ട് ഈ ലോകകപ്പിനെ പ്രഭാപൂരിതമാക്കിയ രണ്ട് ടീമുകള്‍ കൊല്‍ക്കത്തയിലെ ഐതിഹാസികമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ മുഖാമുഖം. ഇന്ത്യ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായെങ്കില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍ ഒരു കാല്‍ എടുത്തുവെച്ചിട്ടുണ്ട്. ഈ ലോകകപ്പിലെ മികച്ച രണ്ട് ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ മത്സരത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആര് മുന്നിലെത്തുമെന്നതൊഴിച്ചാല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിന് സെമിഫൈനലില്‍ നാലാം സ്ഥാനക്കാരെ നേരിട്ടാല്‍ മതി. ഇന്ത്യ ഏഴ് കളിയും ജയിച്ച് മുന്നേറുമ്പോള്‍ ദക്ഷിണാഫ്രിക്ക അപ്രതീക്ഷിതമായി നെതര്‍ലാന്റ്‌സിന് മുന്നില്‍ അടിപതറി. 

്തുടക്കം ഇന്ത്യ, ഒടുക്കം പ്രോടിയേഴ്‌സ്
ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കുന്ന തുടക്കമാണ് ഇന്ത്യയുടെ ശക്തി. എത്ര പെയ്‌സില്‍ പന്തെറിയുന്ന ബൗളറെയും ഇറങ്ങിയടിക്കാന്‍ ധൈര്യം കാണിക്കുന്ന രോഹിത് ഇന്ത്യയുടെ റണ്‍കുതിപ്പിന് അടിത്തറയിടുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചാല്‍ കിട്ടില്ല. മറ്റേതു ടീമിനെക്കാളും 24 റണ്‍സ് അവസാന പത്തോവറില്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ നേടുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യയുടെ ബൗളിംഗ് മാരകമാണ്. വെറും 5.4 റണ്‍നിരക്കില്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ ഘട്ടത്തില്‍ റണ്‍സ് വഴങ്ങുന്നത്. മറ്റേതു ടീമിനെക്കാളും പന്ത് റിവേഴ്‌സ് സ്വിംഗ് ചെയ്യിക്കാന്‍ ഇന്ത്യക്കു സാധിക്കുന്നു. 
പക്ഷെ ഈ ലോകകപ്പില്‍ സ്പിന്നിനെ ഏറ്റവും നന്നായി നേരിട്ട അഞ്ചു പേരില്‍ രണ്ടു പേരും ദക്ഷിണാഫ്രിക്കക്കാരാണ്. ഹയ്ന്റിക് ക്ലാസനും ഡേവിഡ് മില്ലറും. എന്നാല്‍ കുല്‍ദീപ് യാദവിനെ പോലൊരു സ്പിന്നറെ അവര്‍ ഇതുവരെ നേരിട്ടിട്ടില്ല. ഏതു സാഹചര്യവുമായും അഡ്ജറ്റ് ചെയ്യുന്ന മികച്ച ബാറ്റിംഗ് നിരയുണ്ട് ഇന്ത്യക്ക്. എങ്കിലും മാര്‍ക്കൊ യാന്‍സനെ പോലൊരു പെയ്‌സറെ ഇന്ത്യയും നേരിട്ടിട്ടില്ല. ഈ ടൂര്‍ണമെന്റില്‍ നാലു തവണ ദക്ഷിണാഫ്രിക്ക 350 പിന്നിട്ടിട്ടുണ്ട്. ക്വിന്റന്‍ ഡികോക്കും റാസി വാന്‍ഡര്‍ഡസനും ക്ലാസനും അയ്ദന്‍ മാര്‍ക്‌റമുമൊക്കെ മിന്നല്‍ സെഞ്ചുറികള്‍ പറത്തിയിട്ടുണ്ട്. ഡികോക്ക് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ്. നാല് സെഞ്ചുറിയടിച്ചു കഴിഞ്ഞു. 

നീലയണിയുന്ന ഗാലറി
ഈ ലോകകപ്പില്‍ കാണികളെ എത്തിക്കുന്നതില്‍ ബി.സി.സി.ഐ പരാജയമായിരുന്നുവെങ്കിലും ഇന്ത്യയുടെ എല്ലാ കളികളിലും ഗാലറി നീലയണിഞ്ഞിരുന്നു. ഈഡനില്‍ എഴുപതിനായിരത്തോളം പേരാണ് കളി കാണാനെത്തുക. എല്ലാ കളികളും ഇന്ത്യ ആധികാരികമായാണ് ജയിച്ചത്. എന്നാല്‍ അവസാന കളിയില്‍ ശ്രീലങ്കയെ അക്ഷരാര്‍ഥത്തില്‍ ചതച്ചരച്ച ആത്മവിശ്വാസത്തിലാണ് ടീം കൊല്‍ക്കത്തയിലെത്തിയത്. 

Latest News