അഹമ്മദാബാദ് - ഓസ്‌ട്രേലിയയോടും തോറ്റതോടെ ലോകകപ്പില്‍ ഇംഗ്ലണ്ട് അവസാന കച്ചിത്തുരുമ്പും കൈവിട്ടു. 33 റണ്‍സിന് തോറ്റ അവര്‍ സെമിഫൈനലിലെത്തില്ലെന്ന് ഉറപ്പായി. നേരത്തെ തന്നെ പ്രതീക്ഷ അസ്തമിച്ചിരുന്നുവെങ്കിലും ഈ തോല്‍വിയോടെയാണ് നിലവിലെ ചാമ്പ്യന്മാര്‍ ഔദ്യോഗികമായി പുറത്തായത്. ബംഗ്ലാദേശിനെ മാത്രമേ അവര്‍ക്ക് തോല്‍പിക്കാന്‍ സാധിച്ചുള്ളൂ. നെതര്‍ലാന്റ്‌സും പാക്കിസ്ഥാനുമായി മാത്രം കളികള്‍ ശേഷിക്കെ ഇംഗ്ലണ്ടിന്റെ ചാമ്പ്യന്‍സ് ട്രോഫി സ്ഥാനവും നൂലിഴയിലാണ്. ആദ്യ രണ്ട് കളികള്‍ തോറ്റ ശേഷം തുടര്‍ച്ചയായ അഞ്ചാം വിജയത്തിലൂടെ ഓസ്‌ട്രേലിയ സെമിഫൈനല്‍ ഏതാണ്ടുറപ്പാക്കി
മൂന്നു പന്ത് ശേഷിക്കെ ഓസീസിനെ 286 ന് പുറത്താക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവരുടെ ബാറ്റിംഗ് നിര ഒരിക്കല്‍കൂടി പരാജയപ്പെട്ടു. 11 പന്ത് ബാക്കിയിരിക്കെ ചാമ്പ്യന്മാര്‍ 253 ന് ഓളൗട്ടായി. ഡേവിഡ് മലാനും (64 പന്തില്‍ 50) ബെന്‍ സ്റ്റോക്‌സും (90 പന്തില്‍ 64) വൈസ് ക്യാപ്റ്റന്‍ മുഈന്‍അലിയും (43 പന്തില്‍ 42) മാത്രമേ ചെറുതായെങ്കിലും അവര്‍ക്ക് പ്രതീക്ഷ നല്‍കിയുള്ളൂ. വാലറ്റക്കാരായ ക്രിസ് വോക്‌സും (33 പന്തില്‍ 32) ഡേവിഡ് വിലിയും (14 പന്തില്‍ 15) ആദില്‍ റഷീദും (15 പന്തില്‍ 20) ചെറുത്തുനിന്നതിനാല്‍ തോല്‍വി ഭാരം കുറഞ്ഞു.
നേരത്തെ വോക്‌സിന്റെ (9.3-0-54-4) നേതൃത്വത്തില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഇടക്കിടെ പ്രഹരമേല്‍പിച്ചെങ്കിലും ഓസീസിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത് മാര്‍നസ് ലാബുഷൈനാണ് (83 പന്തില്‍ 71). ഓപണര്‍മാരായ ട്രാവിസ് ഹെഡിനെയും (11) ഡേവിഡ് വാണറെയും (15) വോക്‌സ് എളുപ്പം പുറത്താക്കിയ ശേഷം സ്റ്റീവ് സ്മിത്തും (52 പന്തില്‍ 44) ലാബുഷൈനും രക്ഷാപ്രവര്‍ത്തനം നടത്തി. കാമറൂണ്‍ ഗ്രീന്‍ (52 പന്തില്‍ 47), മാര്‍ക്കസ് സ്റ്റോയ്‌നിസ് (32 പന്തില്‍ 35), ആഡം സാംപ (19 പന്തില്‍ 29) എന്നിവര്‍ ചെറുവെടിക്കെട്ടുകള്‍ നടത്തി. പരിക്കേറ്റ ഗ്ലെന്‍ മാക്‌സവെലും നാട്ടിലേക്ക് മടങ്ങിയ മിച്ചല്‍ മാര്‍ഷുമില്ലാതെയാണ് ഓസീസ് കളിച്ചത്.
ഇംഗ്ലണ്ടിന് ജോണി ബെയര്‍സ്‌റ്റോയെ (0) ആദ്യ പന്തില്‍ നഷ്ടമായി. മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടും (13) ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (1) അധികം വാണില്ല. സ്പിന്നര്‍ ആഡം സാംപ പത്തോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു.






