ബംഗളൂരു - ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റണ്ണൊഴുക്കിന്റെ പെരുമഴ സൃഷ്ടിച്ചിട്ടും ലോകകപ്പില്‍ ന്യൂസിലാന്റ് തുടര്‍ച്ചയായ നാലാമത്തെ പരാജയം. പാക്കിസ്ഥാനോട് അവര്‍ 29 റണ്‍സിന് തോറ്റു.
ഓപണര്‍ രചിന്‍ രവീന്ദ്രയും (94 പന്തില്‍ 108) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും (79 പന്തില്‍ 95) നയിച്ച കിവീസിന്റെ ബാറ്റിംഗ് നിര തുടക്കം മുതല്‍ ഒടുക്കം വരെ ആഞ്ഞടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ വഴങ്ങിയത് ആറിന് 401 റണ്‍സാണ്. പാക്കിസ്ഥാന്‍ തുടക്കം മുതല്‍ തിരിച്ചടിച്ചെങ്കിലും ഏതു നിമിഷവും അവര്‍ക്ക് വഴി തെറ്റാമായിരുന്നു. 21.3 ഓവറില്‍ പാക്കിസ്ഥാന്‍ ഒന്നിന് 159 ലെത്തി നില്‍ക്കെ ആദ്യം മഴ കളി തടസ്സപ്പെടുത്തി. അപ്പോള്‍ പാക്കിസ്ഥാന്‍ മഴ നിയമപ്രകാരം 10 റണ്‍സിന് മുന്നിലായിരുന്നു. ഏറെ നേരത്തിനു ശേഷം കളി പുനരാരംഭിച്ചതോടെ പാക്കിസ്ഥാന്‍ ആക്രമണം ശക്തമാക്കി. ഈശ് സോധിയെ ഒരോവറില്‍ പാക്കിസ്ഥാന്‍ മൂന്നു തവണ സിക്‌സറിനുയര്‍ത്തി. തൊട്ടുപിന്നാലെ വീണ്ടും മഴ കളി മുടക്കി.
ഓപണര്‍ അബ്ദുല്ല ശഫീഖിനെ (4) രണ്ടാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തുല്യനാണയത്തില്‍ തിരിച്ചടിച്ചു. ഫഖര്‍ സമാന്‍ (81 പന്തില്‍ 126 നോട്ടൗട്ട്) ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ പാക്കിസ്ഥാന്‍കാരനായി. ക്യാപ്റ്റന്‍ ബാബര്‍ അസം (63 പന്തില്‍ 66 നോട്ടൗട്ട്) ഒപ്പത്തിനൊപ്പം നിന്നു. ഇരുപത്തഞ്ചോവറില്‍ ഒന്നിന് 200 ല്‍ പാക്കിസ്ഥാന്‍ കുതിക്കുമ്പോള്‍ മഴയെത്തി.






