ഇത്തിഹാദിന്റെ പിന്മാറ്റം, കുറ്റം ഇറാന്‍ ക്ലബ്ബിന്റേത്

തെഹ്‌റാന്‍ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ വിവാദ മത്സരത്തില്‍ അല്‍ഇത്തിഹാദ് പിന്മാറിയതിന് ഇറാനിലെ സെപാഹന്‍ ക്ലബ്ബിനെ കുറ്റപ്പെടുത്തി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കൊല്ലപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ ശില്‍പങ്ങള്‍ സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചത് തെറ്റാണെന്ന് ഏഷ്യന്‍ ഫെഡറേഷന്‍ വിധിച്ചു. സെപാഹന്‍ സുരക്ഷിതമല്ലാത്ത സാഹചര്യം സ്റ്റേഡിയത്തില്‍ സൃഷ്ടിച്ചുവെന്നും രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നും എ.എഫ്.സി കുറ്റപ്പെടുത്തി. 
സെപാഹന്‍ കളി തോറ്റതായാണ് ഫലം രേഖപ്പെടുത്തുക. വിവാദ ശില്‍പങ്ങളും ബാനറുകളും ഇസ്ഫഹാനിലെ സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൂടുതല്‍ വലിയ ശിക്ഷയുണ്ടാവുമെന്ന് എ.എഫ്.സി താക്കീത് ചെയ്തു. എ.എഫ്.സിയുടെ തീരുമാനം ഒരു നിലക്കും ശരിയാണെന്ന് കരുതുന്നില്ലെന്നും അപ്പീല്‍ സമര്‍പ്പിക്കുമെന്നും സെപാഹന്‍ വ്യക്തമാക്കി.  
കഴിഞ്ഞ മാസം രണ്ടിന് സെപാഹനെതിരായ മത്സരം കളിക്കാതെ കരീം ബെന്‍സീമയും എന്‍ഗോളൊ കാണ്ടെയുമൊക്കെയുള്‍പ്പെട്ട ഇത്തിഹാദ് ടീം തെഹ്‌റാനില്‍ നിന്ന് മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ ശില്‍പങ്ങള്‍ സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ചാണ് ഇത്തിഹാദ് കളി ബഹിഷ്‌കരിച്ചത്. അറുപതിനായിരത്തോളം പേര്‍ കളി കാണാനെത്തിയിരുന്നു.
മത്സരം മറ്റൊരു ദിവസം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ കളി ഇത്തിഹാദിന് അനുവദിച്ചും സെപാഹന് രണ്ടു ലക്ഷം ഡോളര്‍ പിഴയിട്ടും എ.എഫ്.സി വിധിച്ചതായാണ് ഇറാനിലെ മാധ്യമങ്ങള്‍ പറയുന്നത്. അടുത്ത മൂന്ന് ഹോം മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്തു. 
 

Latest News