ബ്രസീലിയ - ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റ സൗദി ക്ലബ്ബ് അല്‍ഹിലാലിന്റെ സ്‌ട്രൈക്കര്‍ നെയ്മാര്‍ ബ്രസീലില്‍ ശസ്ത്രക്രിയക്ക് വിധേയനായി. ഇടതു കാല്‍മുട്ടിലെ ലിഗമെന്റിനാണ് പരിക്ക്. ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗൊ ലസ്മാര്‍ ബെലൊ ഹൊറിസോഞ്ചിലെ മാതര്‍ ദെയ് ആശുപത്രിയിലാണ് മുപ്പത്തൊന്നുകാരന് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു നിന്നു. ഇന്ന് ആശുപത്രി വിടും. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ നെയ്മാറിന് വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. 2018 ല്‍ കാല്‍പാദത്തിന് പരിക്കേറ്റപ്പോഴും ലസ്മാറാണ് ശസ്ത്രക്രിയ നടത്തിയത്.
ഒക്ടോബര്‍ 17 ന് ഉറുഗ്വായ്‌ക്കെതിരായ 0-2 തോല്‍വിക്കിടയിലാണ് നെയ്മാര്‍ മിഡ്ഫീല്‍ഡര്‍ നിക്കൊളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചു വീണത്. ഫുട്‌ബോളിലെ ഏറ്റവും ഗുരുതരമായ പരിക്കുകളിലൊന്നാണ് ഇത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കെതിരെയുള്‍പ്പെടെ മത്സരങ്ങളും കോപ അമേരിക്ക ടൂര്‍ണമെന്റും നെയ്മാറിന് നഷ്ടപ്പെടും. കഴിഞ്ഞ മാര്‍ച്ചില്‍ കണങ്കാലിന് ശസ്ത്രക്രിയ ചെയ്തതിനെത്തുടര്‍ന്ന് ആറു മാസത്തോളം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.






