കിവീസോ പാക്കിസ്ഥാനോ, സെമി തീരുമാനിക്കാന്‍ പോരാട്ടം

ന്യൂസിലാന്റ്xപാക്കിസ്ഥാന്‍
ബംഗളൂരു, നാളെ രാവിലെ 8.00

ബംഗളൂരു - ഈ ലോകകപ്പിലെ ആദ്യത്തെ നോക്കൗട്ട് എന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ന്യൂസിലാന്റും പാക്കിസ്ഥാനും ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഏതാണ്ടുറപ്പിച്ചിരിക്കെ സെമിഫൈനലിലെ ബാക്കി രണ്ടു സ്ഥാനങ്ങള്‍ക്കാണ് മത്സരം. നാല് ടീമുകള്‍ രണ്ട് സ്ഥാനത്തിന് ഇപ്പോഴും പ്രതീക്ഷ വെക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്റും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും. അതില്‍ ന്യൂസിലാന്റും പാക്കിസ്ഥാനും ഇന്ന് മുഖാമുഖം വരികയാണ്. പാക്കിസ്ഥാനാണ് തോല്‍വി കൂടുതല്‍ ദോഷം ചെയ്യുക. പാക്കിസ്ഥാന്റെ അവസാന മത്സരം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായാണ്. ദക്ഷിണാഫ്രിക്ക 190 റണ്‍സിന് ന്യൂസിലാന്റിനെ തോല്‍പിച്ചത് പാക്കിസ്ഥാനാണ് ഗുണം ചെയ്തത്. 
2019 ലെ ലോകകപ്പില്‍ ന്യൂസിലാന്റ് ഫൈനലിലെത്തിയെങ്കിലും അതിന് മുമ്പ് അവര്‍ പാക്കിസ്ഥാനോട് തോറ്റിരുന്നു. റണ്‍റെയ്റ്റില്‍ പാക്കിസ്ഥാനെ മറികടന്നാണ് സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്. ന്യൂസിലാന്റുമായുള്ള അവസാന 10 കളികളില്‍ ആറും പാക്കിസ്ഥാനാണ് ജയിച്ചത്. പരസ്പരം 115 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 60 കളികളില്‍ പാക്കിസ്ഥാനും 51 മത്സരങ്ങളില്‍ ന്യൂസിലാന്റും ജയിച്ചു. ഒരു കളി ടൈയായി. മൂന്നെണ്ണം ഉപേക്ഷിച്ചു.  
പാക്കിസ്ഥാന് ഇതുവരെ കഴിവിനൊത്ത് കളിക്കാനായിട്ടില്ലെന്ന് ടീം ഡയരക്ടര്‍ മിക്കി ആര്‍തര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ കളിയില്‍ ഫീല്‍ഡിംഗിനിടെ തലയിടിച്ച വൈസ് ക്യാപ്റ്റന്‍ ശാദബ് ഖാന് ടൂര്‍ണമെന്റില്‍ തുടരാനാവുമോയെന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ വര്‍ഷം മൂന്നാം തവണയാണ് ശാദബിന് മത്സരത്തിനിടെ തലയിടിക്കുന്നത്. 
ന്യൂസിലാന്റ് ആദ്യ നാലു കളികള്‍ ജയിച്ച ശേഷം തുടര്‍ച്ചയായി മൂന്നു കളികള്‍ തോല്‍ക്കുകയായിരുന്നു. ടീമിനെ പരിക്ക് അലട്ടുകയാണ്. പെയ്‌സ്ബൗളര്‍ മാറ്റ് ഹെന്റിയാണ് അവസാനം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. പേശിവേദനയനുഭവപ്പെട്ട ഹെന്റിക്കു പകരം കയ്ല്‍ ജാമീസനെ ടീമിലുള്‍പെടുത്തി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍, ഓള്‍റൗണ്ടര്‍മാരായ ജിമ്മി നീഷം, മാര്‍ക്ക് ചാപ്മാന്‍, പെയ്‌സ്ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കും പരിക്കാണ്. കായികക്ഷതയുള്ള 11 കളിക്കാരെ കണ്ടെത്തലാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി. അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലാന്റ് നേരിടും. 

Latest News