ലഖ്നൗ - നെതര്‍ലാന്റ്സ് സ്വയം ഓടിത്തോറ്റതോടെ ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യതയിലേക്ക് അഫ്ഗാനിസ്ഥാന്. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാലും റണ്ണൗട്ടായതോടെ നെതര്‍ലാന്റ്സ് 46.3 ഓവറില്‍ 179 ന് ഓളൗട്ടായി. 31.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന് ലക്ഷ്യം മറികടന്നു. ഉജ്വല വിജയം അവരുടെ റണ്‍റെയ്റ്റ് ഏറെ മെച്ചപ്പെടുത്തി. ഏഴ് കളിയില്‍ അവരുടെ നാലാമത്തെ ജയമാണ് ഇത്. മുന്‍ ലോകകപ്പുകളില്‍ അവര്‍ ആകെ ജയിച്ചത് ഒരു കളിയാണ്. അഞ്ചാം തോല്‍വിയോടെ നെതര്‍ലാന്റ്സിന്റെ പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു.
മികച്ച ഫീല്‍ഡിംഗിനൊപ്പം പരിചയസമ്പന്നനായ ഓഫ്സ്പിന്നര്‍ മുഹമ്മദ് നബിയുടെയും (9.3-1-28-3) യുവ ലെഗ്സ്പിന്നര്‍ നൂര്‍ അഹമ്മദിന്റെയും (9-0-31-2) ബൗളിംഗും എതിരാളികളെ ചെറിയ സ്കോറിലൊതുക്കാന് അഫ്ഗാനിസ്ഥാനെ സഹായിച്ചു. പത്തോവറില്‍ 55 റണ്‍സ് ചേര്‍ത്ത് ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (10) ഇബ്രാഹിം സദ്റാനും (20) മടങ്ങിയ ശേഷം റഹ്മത് ഷായും (54 പന്തില്‍ 52) ക്യാപ്റ്റന്് ഹശ്മതുല്ല ശാഹിദിയുമാണ് (64 പന്തില്‍ 56 നോട്ടൗട്ട്) അഫ്ഗാനിസ്ഥാന്റെ മറുപടിക്ക് ചുക്കാന്‍ പിടിച്ചത്. റഹ്മത് പുറത്തായ ശേഷം അസ്മതുല്ല ഉമര്‍സായി (28 പന്തില്‍ 31 നോട്ടൗട്ട്) ക്യാപ്റ്റന്‍ കൂട്ട് നല്കി.
കളി ലോകകപ്പാണെങ്കിലും ക്ലബ്ബ് തലത്തിലുള്ള ഓട്ടം കാഴ്ചവെച്ചാണ് നെതര്‍ലാന്റ്സ് സ്വയം തകര്‍ന്നത്. കോളിന് അക്കര്‍മാനും (35 പന്തില്‍ 29) ക്യാപ്റ്റന്‍ സ്കോട് എഡ്വേഡ്സും (0) തുടര്‍ച്ചയായ പന്തുകളിലാണ് റണ്ണൗട്ടായത്.
ആദ്യ ഓവറില്‍ മുപ്പത്തൊമ്പതുകാരനായ ഓപണര്‍ വെസ്ലി ബരേസിയെ (1) സ്പിന്നര്‍ മുജീബുറഹ്മാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ശേഷം മികച്ച കൂട്ടുകെട്ടുകളിലൂടെ നെതര്‍ലാന്റ്സ് കരകയറുകയായിരുന്നു. എന്നാല്‍ റണ്ണൗട്ടുകള്‍ അവരുടെ താളം തെറ്റിച്ചു. രണ്ടാം വിക്കറ്റില്‍ മാക്സ് ഓദൗദും (40 പന്തില്‍ 42) അക്കര്‍മാനും പത്തോവറില്‍ 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി തിരിച്ചടിച്ചതായിരുന്നു. രണ്ടാം റണ്ണിനോടിയ ഓദൗദിനെ ഫൈന്‍ലെഗില്‍ നിന്ന് നേരിട്ടെറിഞ്ഞ് പുറത്താക്കി അസ്മതുല്ല ഉമര്‍സായി അഫ്ഗാനിസ്ഥാന് ബ്രെയ്ക് ത്രൂ നല്കി. അതിന്റെ ക്ഷീണം മാറും മുമ്പെ അക്കര്‍മാനും എഡ്വേഡ്സും റണ്ണൗട്ടായത് ഡച്ചിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സൈബ്രാന്റ് എന്ഗല്ബ്രെറ്റ് മിഡോഫിലേക്ക് പന്തടിച്ചപ്പോള്‍ പന്ത് നോക്കി ഇല്ലാത്ത റണ്ണിനോടുകയായിരുന്നു അക്കര്മാന്. റാഷിദ് ഖാന്റെ ബുള്ളറ്റ് ത്രോ കീപ്പറുടെ കൈയിലെത്തുമ്പോള്‍ അക്കര്‍മാനെ ഫുള്‍ലെംഗ്ത് ഡൈവും രക്ഷിച്ചില്ല. എഡ്വേഡ്സിന്റേത് കോമിക് റണ്ണൗട്ടായിരുന്നു. റാഷിദ് ഖാനെ സ്വീപ് ചെയ്യാന്‍ മുന്‍കൂട്ടി തീരുമാനിച്ച എഡ്വേഡ്സിന് പിഴച്ചു. പന്ത് വിക്കറ്റ്കീപ്പറുടെ നേരെ ഉരുണ്ടു. അതറിയാതെ എഡ്വേഡ്സ് ക്രീസ് വിട്ടു. കീപ്പര്‍ സ്റ്റമ്പെറിഞ്ഞിടുകയും ചെയ്തു.
ഈ നാടകങ്ങള്ക്കൊക്കെയിടയിലും അര്‍ധ ശതകം തികച്ച എന്ഗല്ബ്രെറ്റും (86 പന്തില്‍ 58) റണ്ണൗട്ടാവുകയായിരുന്നു. റുലോഫ് വാന്‍ഡര്‍മെര്‍വ് മിഡോഫിലേക്ക് അടിച്ചപ്പോള്‍ എന്ഡഗല്ബ്രെറ്റ് ഇല്ലാത്ത റണ്ണിനോടുകയായിരുന്നു.






