ന്യൂദല്‍ഹി- സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വര്‍ധിച്ചതായി കപ്പല്‍ ട്രാക്കിംഗ് ഏജന്‍സികളായ കെപ്ലെര്‍, വോര്‍ടെക്‌സ എന്നിവയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എണ്ണ വിലയില്‍ റഷ്യ നല്‍കിയിരുന്ന കിഴിവ് അവര്‍ കുറച്ചതോടെയാണ് ഇന്ത്യ റഷ്യന്‍ ഉപഭോഗം കുറച്ച് സൗദിയുടെ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചത്.
ഒക്ടോബറില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയുകയും സൗദിയില്‍ നിന്ന് വര്‍ധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് അവര്‍ എണ്ണയ്ക്ക് കിഴിവ് പ്രഖ്യാപിച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.
ഈ വര്‍ഷം ആദ്യം രണ്ട് ദശലക്ഷം ബാരലുകള്‍ (ബിപിഡി) വരെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത് സമീപ മാസങ്ങളില്‍ രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകള്‍ അളവ് കുറച്ചിരുന്നു. ഒക്ടോബറില്‍ ഇന്ത്യയുടെ പ്രതിമാസ റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ യഥാക്രമം 1.57 ദശലക്ഷം ബിപിഡി, 1.49 ദശലക്ഷം ബിപിഡി എന്നിങ്ങനെ 12 ശതമാനവും എട്ടു ശതമാനവും ഇടിവുണ്ടായി.
എണ്ണ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള റഷ്യയും സൗദി അറേബ്യയും എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആഗോള ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. ഇതോടെയാണ് റഷ്യന്‍ എണ്ണയുടെ കിഴിവ് കുറഞ്ഞത്.