ആദ്യ അഞ്ചില്‍ നാലും റണ്ണൗട്ട്, ഓടാനറിയാതെ നെതര്‍ലാന്റ്‌സ്

ലഖ്‌നൗ - കളി ലോകകപ്പാണെങ്കിലും ക്ലബ്ബ് തലത്തിലുള്ള ഓട്ടം കാഴ്ചവെച്ച നെതര്‍ലാന്റ്‌സ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തോല്‍വിയിലേക്ക്. ആദ്യ അഞ്ചു പേരില്‍ നാലും റണ്ണൗട്ടായതോടെ നെതര്‍ലാന്റ്‌സ് 46.3 ഓവറില്‍ 179 ന് ഓളൗട്ടായി. ഇതില്‍ കോളിന്‍ അക്കര്‍മാനും (35 പന്തില്‍ 29) ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്‌സും (0) തുടര്‍ച്ചയായ പന്തുകളിലാണ് റണ്ണൗട്ടായത്. 
ആദ്യ ഓവറില്‍ മുപ്പത്തൊമ്പതുകാരനായ ഓപണര്‍ വെസ്‌ലി ബരേസിയെ (1) സ്പിന്നര്‍ മുജീബുറഹ്മാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ശേഷം മികച്ച കൂട്ടുകെട്ടുകളിലൂടെ നെതര്‍ലാന്റ്‌സ് കരകയറുകയായിരുന്നു. എന്നാല്‍ റണ്ണൗട്ടുകള്‍ അവരുടെ താളം തെറ്റിച്ചു. രണ്ടാം വിക്കറ്റില്‍ മാക്‌സ് ഓദൗദും (40 പന്തില്‍ 42) അക്കര്‍മാനും പത്തോവറില്‍ 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി തിരിച്ചടിച്ചതായിരുന്നു. രണ്ടാം റണ്ണിനോടിയ ഓദൗദിനെ ഫൈന്‍ലെഗില്‍ നിന്ന് നേരിട്ടെറിഞ്ഞ് പുറത്താക്കി അസ്മതുല്ല ഉമര്‍സായി അഫ്ഗാനിസ്ഥാന് ബ്രെയ്ക് ത്രൂ നല്‍കുകയായിരുന്നു. അതിന്റെ ക്ഷീണം മാറും മുമ്പെ അക്കര്‍മാനും എഡ്വേഡ്‌സും റണ്ണൗട്ടായത് ഡച്ചിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സൈബ്രാന്റ് എന്‍ഗല്‍ബ്രെറ്റ് മിഡോഫിലേക്ക് പന്തടിച്ചപ്പോള്‍ പന്ത് നോക്കി ഇല്ലാത്ത റണ്ണിനോടുകയായിരുന്നു അക്കര്‍മാന്‍. റാഷിദ് ഖാന്റെ ബുള്ളറ്റ് ത്രോ കീപ്പറുടെ കൈയിലെത്തുമ്പോള്‍ അക്കര്‍മാനെ ഫുള്‍ലെംഗ്ത് ഡൈവും രക്ഷിച്ചില്ല. എഡ്വേഡ്‌സിന്റെ കോമിക് റണ്ണൗട്ടായിരുന്നു. റാഷിദ് ഖാനെ സ്വീപ് ചെയ്യാന്‍ മുന്‍കൂട്ടി തീരുമാനിച്ച് എഡ്വേഡ്‌സിന് പിഴച്ചു. പന്ത് വിക്കറ്റ്കീപ്പറുടെ നേരെ ഉരുണ്ടു. അതറിയാതെ എഡ്വേഡ്‌സ് ക്രീസ് വിട്ടു. കീപ്പര്‍ സ്റ്റമ്പെറിഞ്ഞിടുകയും ചെയ്തു. 
ഈ നാടകങ്ങള്‍ക്കൊക്കെയിടയിലും അര്‍ധ ശതകം തികച്ച എന്‍ഗല്‍ബ്രെറ്റും (86 പന്തില്‍ 58) റണ്ണൗട്ടാവുകയായിരുന്നു. റുലോഫ് വാന്‍ഡര്‍മെര്‍വ് മിഡോഫിലേക്ക് അടിച്ചപ്പോള്‍ എന്ഡഗല്‍ബ്രെറ്റ് ഇല്ലാത്ത റണ്ണിനോടുകയായിരുന്നു. 
മുഹമ്മദ് നബി 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Latest News