ന്യൂദല്‍ഹി - ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യന്‍ ടീമിനെ കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചു. ഇരുപത്തെട്ടംഗ സാധ്യതാ ടീമില്‍ മലയാളി കളിക്കാരായ സഹല്‍ അബ്ദുല്‍സമദ്, കെ.പി രാഹുല്‍ എന്നിവര്‍ സ്ഥാനം നേടി. ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് എ-യില്‍ ഇന്ത്യക്ക് ആദ്യം എവേ മത്സരമാണ്. ഈ മാസം 16 ന് കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ കുവൈത്തിനെ ഇന്ത്യ നേരിടും. രണ്ടാമത്തെ മത്സരം 21 നാണ്, ഒഡിഷ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമായി.
മത്സരങ്ങള്‍ക്കു മുമ്പായി ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പ് ദുബായില്‍ നടക്കും. ക്യാമ്പിനായി ടീം ബുധനാഴ്ച ദുബായിലേക്ക് തിരിക്കും. ഇറാഖിനെതിരായ ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം ആശിഖ് കുരുണിയന്‍ വിശ്രമത്തിലാണ്. ആശിഖിന്റെ പരിക്ക് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്ത രീതി വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.






