പൂനെ - ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ മാത്രം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ച മുഹമ്മദ് ഷമി ഈ ലോകകപ്പിന്റെ താരമായി മാറുന്നു. മൂന്നു കളികളില്‍ 14 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവുമധികം വിക്കറ്റെടുത്ത കളിക്കാരനായി ഷമി -45 വിക്കറ്റ്. 23 കളികളില്‍ 44 വിക്കറ്റെടുത്ത സഹീര്‍ ഖാനെ വെറും 14 കളികളില്‍ ഷമി മറികടന്നു. ജവഗല്‍ ശ്രീനാഥും 44 വിക്കറ്റെടുത്തിട്ടുണ്ട്.
18 റണ്‍സിന് അഞ്ചു വിക്കറ്റ് ഷമിയുടെ ഏറ്റവും മികച്ച ബൗളിംഗാണ്. ഷമിയുടെ നാല് അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ മൂന്നും ലോകകപ്പിലായിരുന്നു. ലോകകപ്പില്‍ റെക്കോര്‍ഡായ ഏഴാം തവണയാണ് ഷമി നാലോ അധികമോ വിക്കറ്റ് സ്വന്തമാക്കുന്നത്.
വിക്കറ്റെടുക്കുകയെന്നത് റോക്കറ്റ് സയന്‍സല്ല എന്ന് ഷമി പ്ലയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വീകരിച്ച ശേഷം പറഞ്ഞു. താളം കണ്ടെത്തുക, കൃത്യമായ സ്ഥലത്ത് പന്തെറിയുക, മനസ്സ് ഏകാഗ്രമാക്കുക, നല്ല ഭക്ഷണം കഴിക്കുക, ഗാലറിയുടെ സ്‌നേഹം ആവാഹിക്കുക- ഇവയാണ് തന്റെ വിജയമന്ത്രമെന്ന് ഷമി പറഞ്ഞു.
ന്യൂസിലാന്റിനെതിരായ കളിയിലാണ് ഹാര്‍ദിക്കിനു പകരം ഷമി പ്ലേയിംഗ് ഇലവനിലെത്തിയത്. 54 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത് കിവീസിനെ ചുരുട്ടിക്കെട്ടി. ഇംഗ്ലണ്ടിനെതിരെ 22 റണ്‍സിന് നാലു വിക്കറ്റ് സ്വന്തമാക്കി. ഷമിയുടെ 45 ലോകകപ്പില്‍ ഒന്നു പോലും എല്‍.ബി.ഡ്ബ്ല്യു അല്ലെന്നതാണ് കൗതുകം.






