മുംബൈ മാജിക് ഇന്ത്യയുടെ ടോപ് ക്ലാസ് 

മുംബൈ - ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ വിജയം ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമായി രേഖപ്പെടുത്തപ്പെടും. മൂന്ന് ബാറ്റര്‍മാര്‍ ശ്രീലങ്കയുടെ മൊത്തം സ്‌കോറിനെക്കാള്‍ കൂടുതല്‍ റണ്‍സെടുത്തു. മൂന്ന് ബൗളര്‍മാര്‍ അവരെ ശ്വാസം വിടാന്‍ അനുവദിച്ചില്ല. ഒരു ഓള്‍റൗണ്ടര്‍ ബാറ്റിംഗില്‍ കരുത്തോടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ സഹായിച്ചു, ആദ്യ ഓവറില്‍ വിക്കറ്റെടുത്ത് എതിരാളികളെ ഓളൗട്ടാക്കി. മൂന്നാം തവണയാണ് ഈ വര്‍ഷം ശ്രീലങ്കയെ ഇന്ത്യ നൂറിന് താഴെ ഓളൗട്ടാക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ 50 റണ്‍സിനാണ് അവരെ എറിഞ്ഞിട്ടത്. ലോകകപ്പില്‍ 55 റണ്‍സിനും. 
ടോസ് നഷ്ടപ്പെട്ടിട്ടും എട്ടിന് 357 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയ വാംഖഡെയിലെ പിച്ചില്‍ 19.4 ഓവറില്‍ 55 ന് ശ്രീലങ്ക ഓളൗട്ടായി. 302 റണ്‍സ് വിജയത്തോടെ ഇന്ത്യ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി. മുഹമ്മദ് ഷമിയും (5-1-18-5) മുഹമ്മദ് സിറാജും (7-2-16-3) മാസ്മരിക പെയ്‌സാക്രമണത്തിലൂടെ ക്രീസ് വാണപ്പോള്‍ ശ്രീലങ്കയുടെ ആദ്യ എട്ട് ബാറ്റര്‍മാരില്‍ അഞ്ചു പേരും അക്കൗണ്ട് തുറന്നില്ല. മറ്റു രണ്ടു പേര്‍ ഒരു റണ്ണെടുത്ത് പുറത്തായി. നേരത്തെ സെഞ്ചുറിക്കരികില്‍ പുറത്തായ ശുഭ്മന്‍ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഏഴ് കളിയില്‍ ഇന്ത്യയുടെ ഏഴാം ജയമാണ് ഇത്. ശ്രീലങ്കയുടെ അഞ്ചാം തോല്‍വിയും. ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിനു മുന്നില്‍ ശ്രീലങ്കയന്‍ പെയ്‌സര്‍ ദില്‍ഷന്‍ മധുശങ്കയുടെ അഞ്ചു വിക്കറ്റ് പ്രകടനം നിഷ്പ്രഭമായി. 

സിറാജ്-7 പന്ത് മൂന്ന് വിക്കറ്റ്
ഇന്ത്യയുടെ ബാറ്റിംഗ് അത്യുജ്വലമായിരുന്നുവെങ്കില്‍ ബൗളിംഗ് അവിസ്മരണീയമായിരുന്നു. ജസ്പ്രീത് ബുംറയാണ് (5-1-18-1) ആദ്യ ഓവറില്‍ വിക്കറ്റെടുത്ത് ശ്രീലങ്കയുടെ പതനം തുടങ്ങി വെച്ചത്. പത്തും നിസങ്ക (0) ആദ്യ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് മുഹമ്മദ് സിറാജ് ഏറ്റെടുത്തു. തന്റെ ആദ്യ ഏഴ് പന്തില്‍ ഒരു റണ്ണും വഴങ്ങാതെ സിറാജ് മൂന്നു പേരെ പുറത്താക്കി. 19 പന്തില്‍ ശ്രീലങ്കക്ക് മൂന്നു റണ്‍സിന് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. സിറാജിന്റെ ആദ്യ പന്തില്‍ ദിമുത് കരുണരത്‌നെ (0) എല്‍.ബിയായി. അതേ ഓവറില്‍ സദീര സമരവിക്രമയെയും (0) സിറാജ് വീഴ്ത്തി. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിനെ (0) ബൗള്‍ഡാക്കി. ശ്രീലങ്ക 3.1 ഓവറില്‍ മൂന്ന്് റണ്‍സിന് നാലു വിക്കറ്റ്. 
പത്താം ഓവറിലാണ് മുഹമ്മദ് ഷമി ബൗളിംഗിന് വന്നത്. തുടര്‍ച്ചയായ പന്തുകളില്‍ ചരിത അസലെങ്കയെയും (1) ദുഷാന്‍ ഹേമന്തയെയും (0) പുറത്താക്കി ഷമി തുടങ്ങി. 14 റണ്‍സിന് ആറു വിക്കറ്റ് നിലംപതിച്ചതോടെ നാണക്കേടൊഴിവാക്കാനുള്ള ശ്രമമായി ശ്രീലങ്കയുടേത്. ആഞ്ചലൊ മാത്യൂസും (25 പന്തില്‍ 12) മഹീഷ് തീക്ഷണയും (23 പന്തില്‍ 12) കസുന്‍ രജിതയും (17 പന്തില്‍ 14) കഷ്ടിച്ച് സ്‌കോര്‍ 50 കടത്തി. രവീന്ദ്ര ജദേജ തന്റെ നാലാമത്തെ പന്തില്‍ ദില്‍ഷന്‍ മധുശങ്കയെ (5) പുറത്താക്കിയതോടെ ശ്രീലങ്കയുടെ പതനം പൂര്‍ത്തിയായി. 

മൂന്ന് സെഞ്ചുറി നഷ്ടം
ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമത്തെ പന്തില്‍ പുറത്തായ കളിയില്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ വിരാട് കോലിയും ശ്രേയസ് അയ്യരും സെഞ്ചുറിക്കരികെ വീണു. ഒരു അലട്ടുമില്ലാതെ ബാറ്റേന്തുകയായിരുന്ന ഗില്‍ (92 പന്തില്‍ 92) ദില്‍ഷന്‍ മധുശങ്കയെ അപ്പര്‍കട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് വിക്കറ്റ്കീപ്പര്‍ക്ക് പിടികൊടുത്തത്. മധുശങ്ക തന്നെയാണ് തൊണ്ണൂറുകളിലേക്ക് കടക്കും മുമ്പ് കോലിയെയും (94 പന്തില്‍ 88) ശ്രേയസിനെയും (56 പന്തില്‍ 82) പുറത്താക്കിയത്. മൂന്നു പേരും സമര്‍ഥമായ സ്ലോബോളിലാണ് കബളിപ്പിക്കപ്പെട്ടത്. കോലി മൂന്നക്കത്തിലെത്തിയിരുന്നുവെങ്കില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറികള്‍ (49) നേടിയ സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു. 
ആദ്യ പന്ത് ബൗണ്ടറിയിലേക്ക് ഗ്ലാന്‍സ് ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2 പന്തില്‍ 4) രണ്ടാമത്തെ പന്തില്‍ മധുശങ്ക ബൗള്‍ഡാക്കിയ ശേഷം കോലിയും ഗില്ലും 29.4 ഓവറില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും മധുശങ്ക (10-0-80-5) പുറത്താക്കി. രണ്ട് ഫീല്‍ഡിംഗ് പിഴവുകളാണ് ഇന്ത്യയെ രക്ഷിച്ചത്. എട്ടിലുള്ളപ്പോള്‍ ഗില്ലിനെ പുറത്താക്കാന്‍ ബാക്‌വേഡ് പോയന്റില്‍ ഡൈവ് ചെയ്ത ചരിത അസലെങ്കക്ക് സാധിച്ചില്ല. അടുത്ത ഓവറില്‍ പത്തിലുള്ള കോലിയെ റിട്ടേണ്‍ ക്യാച്ചെടുക്കുന്നതില്‍ ദുഷ്മന്ത ചമീര പരാജയപ്പെട്ടു. അതിന് കനത്ത വില നല്‍കേണ്ടി വന്നു. 
രണ്ടു പേരും പുറത്തായ ശേഷം ശ്രേയസ് കടിഞ്ഞാണേറ്റെടുത്തു. കെ.എല്‍ രാഹുലും (19 പന്തില്‍ 21) സൂര്യകുമാര്‍ യാദവും (9 പന്തില്‍ 12) എളുപ്പം പുറത്തായെങ്കിലും രവീന്ദ്ര ജദേജ (24 പന്തില്‍ 35) ശ്രേയസിന് ഉറച്ച പിന്തുണ നല്‍കി. ആറ് സിക്‌സറുകളുണ്ട് ശ്രേയസിന്റെ ഇന്നിംഗ്‌സില്‍. മധുശങ്ക ലോകകപ്പിലെ വിക്കറ്റ്‌കൊയ്ത്തില്‍ ഒന്നാമതെത്തി. 18 വിക്കറ്റായി പെയ്‌സ്ബൗളര്‍ക്ക്.
 

Latest News