കൊച്ചി- കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 30 മുതല്‍ നടക്കുന്ന അഖിലേന്ത്യാ കബഡി ടൂര്‍ണമെന്റില്‍ മഹാരാഷ്ട്ര ചാമ്പ്യന്‍മാരായി. 33-15 എന്ന സ്‌കോറിന് തമിഴ്‌നാടിനെയാണ് തോല്‍പിച്ചത്. രാവിലെ നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ മഹാരാഷ്ട്ര 47-38 എന്ന സ്‌കോറിന് കര്‍ണാടകയ്‌ക്കെതിരേയും തമിഴ്‌നാട് 30-22 എന്ന സ്‌കോറിന് തെലങ്കാനയ്‌ക്കെതിരേയും വിജയം നേടി. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശീമതി. മഞ്ജു പ്രസന്നന്‍ പിള്ള വിജയികള്‍ക്ക് കിരീടം സമ്മാനിച്ചു. മികച്ച റൈഡറായി മഹാരാഷ്ട്രയുടെ അജിങ്ക്യ എസ് പവാറിനേയും മികച്ച ഡിഫന്ററായി തമിഴ്‌നാടിന്റെ സി. അരുണിനേയും മികച്ച ഓള്‍ റൗണ്ടറായി മഹാരാഷ്ട്രയുടെ അഭിഷേക് വി ഭോജനേയും തിരഞ്ഞെടുത്തു.
ചടങ്ങില്‍ മധ്യമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയിദ് റഷീദ്, ഡയറക്ടര്‍ ഓഫ് അക്കൗണ്ട്‌സ് സംഗീത് കുമാര്‍ എസ് എസ്, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ മുഖ്യാതിഥി യു. ഷെറഫലി എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് ദേശീയ അന്തര്‍ദേശീയ കബഡി കായികതാരങ്ങളേയും ആദരിച്ചു.






