തെഹ്‌റാന്‍ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ വിവാദ മത്സരത്തില്‍ അല്‍ഇത്തിഹാദ് 3-0 ന് ജയിച്ചതായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വിധിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍. കഴിഞ്ഞ മാസം രണ്ടിന് സെപാഹനെതിരായ മത്സരം കളിക്കാതെ കരീം ബെന്‍സീമയും എന്‍ഗോളൊ കാണ്ടെയുമൊക്കെയുള്‍പ്പെട്ട ഇത്തിഹാദ് ടീം തെഹ്‌റാനില്‍ നിന്ന് മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ ശില്‍പങ്ങള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ചാണ് ഇത്തിഹാദ് കളി ബഹിഷ്‌കരിച്ചത്. അറുപതിനായിരത്തോളം പേര്‍ കളി കാണാനെത്തിയിരുന്നു.
മത്സരം മറ്റൊരു ദിവസം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ കളി ഇത്തിഹാദിന് അനുവദിച്ചും സെപാഹന് രണ്ടു ലക്ഷം ഡോളര്‍ പിഴയിട്ടും എ.എഫ്.സി വിധിച്ചതായാണ് ഇറാനിലെ മാധ്യമങ്ങള്‍ പറയുന്നത്. അടുത്ത മൂന്ന് ഹോം മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്തു. എന്നാല്‍ എ.എഫ്.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അവരുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ഈ മത്സരം കാന്‍സല്‍ ചെയ്തതായാണ് പറയുന്നത്.
എ.എഫ്.സി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സെപാഹന്‍ പ്രസ്താവിച്ചു.






