മുംബൈ - ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ എട്ടിന് 357 എന്ന ഭീമന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതോടെ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കാലൂന്നി. ഈ സ്‌കോര്‍ ശ്രീലങ്ക മറികടക്കണമെങ്കില്‍ റെക്കോര്‍്ഡ് തകര്‍ക്കണം. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സൃഷ്ടിച്ച റണ്‍പ്രളയത്തിനിടയിലും പെയ്‌സര്‍ ദില്‍ഷന്‍ മധുശങ്ക അഞ്ചു വിക്കറ്റുമായി തലയുയര്‍ത്തി നിന്നു. ശ്രീലങ്കക്ക് ഓപണര്‍മാരെ അക്കൗണ്ട് തുറക്കും മുമ്പെ നഷ്ടപ്പെട്ടു. 9.4 ഓവറില്‍ 14 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് ആറു വിക്കറ്റ് നഷ്ടപ്പെട്ടു. പതും നിസങ്കയെ ജസ്പ്രീത് ബുംറയും ദിമുത് കരുണരത്‌നെയെ മുഹമ്മദ് സിറാജും വിക്കറ്റിന് മുന്നില്‍ കുടുക്കി. സദീര സമരവിക്രമ (0), ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (1) എന്നിവരെയും സിറാജ് പുറത്താക്കി. ബുംറയുടെയും സിറാജിന്റെയും പെയ്‌സാക്രമണം ഒമ്പതോവറോളം നോക്കി നിന്ന മുഹമ്മദ് ഷമി തന്റെ ആദ്യ ഓവറില്‍ ചരിത അസലെങ്കയെയും (0) ദുഷാന്‍ ഹേമന്തയെയും (0) മടക്കി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമത്തെ പന്തില്‍ പുറത്തായ കളിയില്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ വിരാട് കോലിയും ശ്രേയസ് അയ്യരും സെഞ്ചുറിക്കരികെ വീണു. ഒരു അലട്ടുമില്ലാതെ ബാറ്റേന്തുകയായിരുന്ന ഗില്‍ (92 പന്തില്‍ 92) ദില്‍ഷന്‍ മധുശങ്കയെ അപ്പര്‍കട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് വിക്കറ്റ്കീപ്പര്‍ക്ക് പിടികൊടുത്തത്. മധുശങ്ക തന്നെയാണ് തൊണ്ണൂറുകളിലേക്ക് കടക്കും മുമ്പ് കോലിയെയും (94 പന്തില്‍ 88) ശ്രേയസിനെയും (56 പന്തില്‍ 82) പുറത്താക്കിയത്. മൂന്നു പേരും സമര്‍ഥമായ സ്ലോബോളിലാണ് കബളിപ്പിക്കപ്പെട്ടത്. കോലി മൂന്നക്കത്തിലെത്തിയിരുന്നുവെങ്കില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറികളുടെ (49) സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.
ആദ്യ പന്ത് ബൗണ്ടറിയിലേക്ക് ഗ്ലാന്‍സ് ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2 പന്തില്‍ 4) രണ്ടാമത്തെ പന്തില്‍ മധുശങ്ക ബൗള്‍ഡാക്കിയ ശേഷം കോലിയും ഗില്ലും 29.4 ഓവറില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും മധുശങ്ക (10-0-80-5) പുറത്താക്കി. എട്ടിലുള്ളപ്പോള്‍ ഗില്ലിനെ പുറത്താക്കാന്‍ ബാക്‌വേഡ് പോയന്റില്‍ ഡൈവ് ചെയ്ത ചരിത അസലെങ്കക്ക് സാധിച്ചില്ല. അടുത്ത ഓവറില്‍ പത്തിലുള്ള കോലിയെ റിട്ടേണ്‍ ക്യാച്ചെടുക്കുന്നതില്‍ ദുഷ്മന്ത ചമീര പരാജയപ്പെട്ടു. അതിന് കനത്ത വില നല്‍കേണ്ടി വന്നു. രണ്ടു പേരും പുറത്തായ ശേഷം ശ്രേയസ് കടിഞ്ഞാണേറ്റെടുത്തു. കെ.എല്‍ രാഹുലും (19 പന്തില്‍ 21) സൂര്യകുമാര്‍ യാദവും (9 പന്തില്‍ 12) എളുപ്പം പുറത്തായെങ്കിലും രവീന്ദ്ര ജദേജ (24 പന്തില്‍ 35) ശ്രേയസിന് ഉറച്ച പിന്തുണ നല്‍കി. ആറ് സിക്‌സറുകളുണ്ട് ശ്രേയസിന്റെ ഇന്നിംഗ്‌സില്‍. മധുശങ്ക ലോകകപ്പിലെ വിക്കറ്റ്‌കൊയ്ത്തില്‍ ഒന്നാമതെത്തി. 18 വിക്കറ്റായി പെയ്‌സ്ബൗളര്‍ക്ക്.






