സെഞ്ചുറി കൈവിട്ട് ഗില്ലും കോലിയും

മുംബൈ - ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ വിരാട് കോലിയും സെഞ്ചുറിക്കരികെ പുറത്തായി. ഒരു അലട്ടുമില്ലാതെ ബാറ്റേന്തുകയായിരുന്ന ഗില്‍ (92 പന്തില്‍ 92) ദില്‍ഷന്‍ മധുശങ്കയെ അപ്പര്‍കട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് വിക്കറ്റ്കീപ്പര്‍ക്ക് പിടികൊടുത്തത്. മധുശങ്ക തന്നെയാണ് തൊണ്ണൂറുകളിലേക്ക് കടക്കും മുമ്പ് കോലിയെയും (94 പന്തില്‍ 88) പുറത്താക്കിയത്. രണ്ടു പേരും സമര്‍ഥമായ സ്ലോബോളിലാണ് കബളിപ്പിക്കപ്പെട്ടത്. 
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2 പന്തില്‍ 4) രണ്ടാമത്തെ പന്തില്‍ മധുശങ്ക ബൗള്‍ഡാക്കിയ ശേഷം കോലിയും ഗില്ലും 29.4 ഓവറില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും മധുശങ്ക തന്നെ പുറത്താക്കി. 17 ഓവര്‍ ശേഷിക്കെ ഇന്ത്യ മൂന്നിന് 206 റണ്‍സെടുത്തു.
 

Latest News