റെക്കോര്‍ഡുകള്‍ തകര്‍ത്ത് ക്വിന്റന്‍ സിക്‌സര്‍ പൂരം

പൂനെ-ന്യൂസിലാന്റിനെതിരായ മല്‍സരത്തില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമായി ഡീകോക്ക് മാറി. 2007ലെ ലോകകപ്പില്‍ ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 485 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ജാക് കാലിസിന്റെ റെക്കോര്‍ഡാണ് പഴമയായത്. 
ടൂര്‍ണമെന്റിലെ തന്റെ നാലാമത്തെ സെഞ്ചുറിയാണ് ഡി കോക്ക് നേടിയത്. ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ചുറികളെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ലോക റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഡികോക്ക്. അഞ്ചു സെഞ്ചുറികളാണ് രോഹിത്തിനുള്ളത്. ലോകകപ്പില്‍ ഡി കോക്ക് 500 റണ്‍സ് കടന്നിരിക്കുകയാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 77.85 ശരാശരിയില്‍ 545 റണ്‍സാണ് വാരിക്കൂട്ടിയത്. 
ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സറുകളടിച്ച വിക്കറ്റ് കീപ്പര്‍, ഒരു എഡിഷനില്‍ കൂടുതല്‍ റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍,ആദ്യമായി 500 റണ്‍സ് തികക്കുന്ന വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോര്‍ഡുകള്‍ക്കും ഡികോക്കിന് സ്വന്തമായി.18 സിക്‌സറുകളാണ് താരം നേടിയിട്ടുള്ളത്. രോഹിത് (20), ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (19) എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ സിക്‌സറുകളടിച്ചുതും ഡികോക്കാണ്.
 

Latest News