റിയാദ്-പത്തു വര്‍ഷത്തിന് ശേഷമുള്ള ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സൗദി അറേബ്യ ആതിഥ്യമരുളുമെന്ന് ഉറപ്പായതോടെ,ഫുട്‌ബോള്‍ മാമാങ്കം വിജയിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ വമ്പന്‍ ഒരുക്കങ്ങള്‍ നടത്തുമെന്ന് വിലയിരുത്തല്‍. ഔദ്യോഗിക തീരുമാനം വന്നെങ്കിലും സാങ്കേതിക മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഫിഫ പരസ്യ പ്രഖ്യാപനം നടത്തുക. ലോകകപ്പ് സംഘാടനത്തിനുള്ള സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയും സൗദിയില്‍ നടക്കും.
കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയില്‍ ആദ്യമായി നടന്ന ലോകകപ്പിന് ഖത്തര്‍ നടത്തിയെ ഒരുക്കങ്ങളെക്കാള്‍ വിപുലമായ ഒരുക്കങ്ങള്‍ സൗദിയില്‍ നടക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.ലോകകപ്പ് സംഘടിപ്പിക്കാനുള്ള സൗദിയുടെ കഴിവിനെ യൂറോപ്പിലെ ഫുട്‌ബോള്‍ സമൂഹവും പ്രകീര്‍ത്തിച്ചു.
2034ലെ ലോകകപ്പ് സൗദി അറേബ്യയില്‍ നടക്കുമെന്ന് ഫിഫ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു.ലോകകപ്പിന് ആതിഥ്യമരുളാന്‍ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഇതോടെയാണ് സൗദിക്ക് നറുക്ക് വീണത്.
2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്. ഫിഫ ലോകകപ്പിന്റെ 2030 മത്സരങ്ങള്‍ ആഫ്രിക്കയിലും (മൊറോക്കോ), യൂറോപ്പിലും (പോര്‍ച്ചുഗല്‍, സ്‌പെയിന്‍) ലാറ്റിനമേരിക്കയിലുമാണ് (ഉറുഗ്വായ്, അര്‍ജന്റീന, പാരഗ്വായ്). 2034ല്‍ ഏഷ്യയിലായിരിക്കും (സൗദി അറേബ്യ) ലോകകപ്പ്-ഇന്‍ഫാന്റിനോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ആറ് കോണ്‍ഫെഡറേഷനുകളും പ്രതിനിധീകരിക്കുന്ന ഫിഫ കൗണ്‍സില്‍ സമവായത്തിലൂടെയാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തില്‍നിന്ന് ചൊവ്വാഴ്ചയാണ് ഓസ്‌ട്രേലിയ പിന്‍വാങ്ങിയത്. ഫിഫ ലോകകപ്പിനെ കുറിച്ച് തങ്ങള്‍ കാര്യമായി പഠനം നടത്തിയെന്നും എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ എത്തിയതായും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം,2026 ലെ വനിത ഏഷ്യന്‍ കപ്പിനും 2029 ലെ ക്ലബ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യമുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ആദ്യമാണ് 2034 ടൂര്‍ണമെന്റിനുള്ള നടപടിക്രമങ്ങള്‍ ഫിഫ പ്രഖ്യാപിച്ചത്. അന്നു മുതല്‍ സൗദി അറേബ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.ഫിഫയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള താല്‍പര്യം സൗദി അറേബ്യ പുറപ്പെടുവിച്ചു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ സൗദിക്ക് പിന്തുണയും അറിയിച്ചു.ഓസ്‌ട്രേലിയയുടെ അയല്‍രാജ്യമായ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ളവര്‍ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.ജപ്പാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള അസോസിയേഷനുകളും സൗദിക്കൊപ്പം നിന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കുടുംബം മുഴുവനും സൗദിയുടെ ശ്രമത്തെ പിന്തുണച്ച് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. ഓസ്‌ട്രേലിയ ഈ വര്‍ഷം വനിത ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. എന്നാല്‍ പുരുഷ ലോകകപ്പിന് ഇതുവരെ ആതിഥേയത്വം വഹിച്ചിട്ടില്ല. 2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 2030 ലോകകപ്പ് മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് നടത്തുന്നത്. ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളില്‍ നടക്കും. ഉറുഗ്വേയിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം നടക്കുക.
ലോകകപ്പ് നടത്താന്‍ സൗദി അറേബ്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് രംഗത്തെത്തി.സൗദി അറേബ്യക്ക് എല്ലാം ആശംസകളും പിന്തുണയും നല്‍കുന്നതായി അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.സൗദി ഭരണാധികാരിയുടെ കീഴില്‍ രാജ്യത്തിന് എല്ലാ പുരോഗതിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ലോകകപ്പിന് വേണ്ടി സൗദി അറേബ്യക്ക് മികച്ച തയ്യാറെടുപ്പുകള്‍ നടത്താനാകുമെന്ന് ന്യുകാസില്‍ കോച്ച് എഡ്ഡി ഹോവി പറഞ്ഞു.സാങ്കേതികമായും അടിസ്ഥാന വികസനപരമായും സൗദി ലോകകപ്പ് മികച്ചതാവുമെന്ന് ഹോവെ പറഞ്ഞു .സൗദി ലോകകപ്പ് ഒരു അവിസ്മരണീയ സംഭവമാകുമെന്ന് അല്‍ ഇത്തിഹാഖ് കോച്ച് സ്റ്റീവന്‍ ജെറാഡും പ്രതികരിച്ചു.






