എട്ടിലും 300 പിന്നിട്ട് ദക്ഷിണാഫ്രിക്ക

പൂനെ - പുരുഷ ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക 300 റണ്‍സ് പിന്നിടുന്നത്. ക്വിന്റന്‍ ഡികോക്കിന്റെയും (116 പന്തില്‍ 114) റാസിന്‍ വാന്‍ഡര്‍ഡസന്റെയും (118 പന്തില്‍ 133) സെഞ്ചുറികളും ഡേവിഡ് മില്ലറുടെ അര്‍ധ സെഞ്ചുറിയുമാണ് (30 പന്തില്‍ 53) പ്രോടിയേസിനെ വന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടിയായി പതിനെട്ടോവറില്‍ അഞ്ചിന് 90 ലേക്ക് തകര്‍ന്ന ന്യൂസിലാന്റ് വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ്. 
ഒന്നാന്തരം ബാറ്റിംഗ് പിച്ചില്‍ ടോസ് നേടിയ ശേഷം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് ന്യൂസിലാന്റിന്റെ വന്‍ അബദ്ധമായി. ആറാം ഓവറിനിടെ പെയ്‌സ്ബൗളര്‍ മാറ്റ് ഹെന്റിക്ക് പരിക്കേറ്റത് അവരുടെ ദുരിതം വര്‍ധിപ്പിച്ചു. പകരമെറിഞ്ഞ ജിമ്മി നീഷമും (5.3-0-69-1) ഗ്ലെന്‍ ഫിലിപ്‌സ് (7-0-52-0) രചിന്‍ രവീന്ദ്ര (2-0-17-0) ടിം സൗത്തീ (10-0-77-2) നല്ല ശിക്ഷ വാങ്ങി. ഏതാണ്ട് 20 ഓവറോളം (120 പന്ത്) റണ്ണെടുക്കാതെ വിട്ടിട്ടു കൂടിയാണ് ദക്ഷിണാഫ്രിക്ക റണ്‍ കൊടുമുടി കയറിയത്. ഡി കോക്ക് മൂന്നും വാന്‍ഡര്‍ഡസന്‍ അഞ്ചും മില്ലര്‍ നാലും സിക്‌സര്‍ പായിച്ചു. 
ന്യൂസിലാന്റിന് ഡെവോണ്‍ കോണ്‍വെ (2), വില്‍ യംഗം (33), രചിന്‍ രവീന്ദ്ര (9), ഡാരില്‍ മിച്ചല്‍ (24) ക്യാപ്റ്റന്‍ ടോം ലേതം (4) എന്നിവരെ നഷ്ടപ്പെട്ടു. മാര്‍ക്കൊ യാന്‍സനും (5-0-20-2) കഗീസൊ റബാദയും (6-2-16-1) ജെറാള്‍ഡ് കീറ്റ്‌സിയും (4-0-29-1) കേശവ് മഹാരാജും (1-0-1-1) വിക്കറ്റുകള്‍ പങ്കുവെച്ചു. ഈ കളി തോറ്റാല്‍ ന്യൂസിലാന്റിന്റെ സെമിഫൈനല്‍ പ്രവേശം ത്രിശങ്കുവിലാവും. ന്യൂസിലാന്റ്-പാക്കിസ്ഥാന്‍ മത്സരം നിര്‍ണായകമാവും. 
 

Latest News