നടനം പിന്നിട്ട് രചനയിലേക്ക്

ശ്രുതി രാമചന്ദ്രൻ


തേപ്പുകാരി എന്ന ലേബലിലാണ് സിനിമയിൽ സജീവമായതെങ്കിലും ശ്രുതി രാമചന്ദ്രൻ എന്ന അഭിനേത്രിക്ക് കിട്ടിയതെല്ലാം വ്യത്യസ്ത വേഷങ്ങളായിരുന്നു. ആർകിടെക്ചർ ജോലിയിൽനിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് അവിചാരിതമായി കടന്നുവന്ന ശ്രുതി, അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, തിരക്കഥാകൃത്തായും ഡബ്ബിംഗ് ആർട്ടിസ്റ്റായുമെല്ലാം സിനിമയിൽ ശക്തമായ സാന്നിധ്യമാവുകയാണ്. 
സിനിമ മോഹങ്ങളൊന്നുമില്ലാതിരുന്നെങ്കിലും അഭിനയ വഴിയിലെത്തിയപ്പോൾ ആ രംഗത്ത് ഒന്നു പയറ്റിനോക്കാൻ തന്നെയായിരുന്നു ശ്രുതിയുടെ തീരുമാനം. രഞ്ജിത് സംവിധാനം ചെയ്ത ഞാൻ എന്ന ചിത്രത്തിലെ ദുൽഖറിന്റെ മുറപ്പെണ്ണായ സുശീലയായും പ്രേതം എന്ന ചിത്രത്തിലെ ക്ലാര എന്ന പ്രേതമായും സൺഡേ ഹോളിഡേയിലെ സിതാരയായും ചാണക്യതന്ത്രത്തിലെ ആൻഡ്രിയയായും അന്വേഷണത്തിലെ കവിതയായും കാണെക്കാണെയിലെ ഷെറിനായും മധുരത്തിലെ ചിത്രയായുമെല്ലാം വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ് ഈ കൊച്ചിക്കാരി. 
സിനിമയാണോ നൃത്തമാണോ പഠിച്ച പണിയായ ആർകിടെക്റ്റാണോ ഏറെയിഷ്ടമെന്നു ചോദിച്ചാൽ ഇതു മൂന്നും വേണമെന്നു മാത്രമല്ല, ഭാവിയിൽ വേറെ വല്ല ഇഷ്ടങ്ങളും തോന്നിയാൽ അതും ചെയ്യും എന്നു പറയാനുള്ള ധൈര്യമാണ് ശ്രുതിയെ വേറിട്ടുനിർത്തുന്നത്. നായകന്റെ നിഴലായി അഭിനയിക്കാൻ താൽപര്യമില്ലെന്നു പറയുന്ന ഈ നടി കടന്നുവന്ന വഴികളെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ്.

?കുട്ടിക്കാലത്തെ അഭിനയ മോഹം
കുട്ടിക്കാലത്ത് ഒരു നടിയാകണമെന്ന് ഒരിക്കലും മോഹമുണ്ടായിരുന്നില്ല. സിനിമയുമായി എനിക്കുള്ള ബന്ധം അപ്പൂപ്പൻ എസ്.കെ. നായർ സിനിമയിൽ പബ്ലിസിറ്റി ആർട്ടിസ്റ്റായിരുന്നു എന്നുള്ളതാണ്. എന്നാൽ ഞാൻ വളർന്നുവരുമ്പോഴേയ്ക്കും അദ്ദേഹം സിനിമാലോകം ഉപേക്ഷിച്ചിരുന്നു. കുട്ടിക്കാലംതൊട്ടേ നൃത്തം അഭിസിച്ചിരുന്നു. നൃത്താധ്യാപികയായ നാരായണി ആന്റിയുടെ ക്ലാസിൽ വെച്ചാണ് സംവിധായകൻ രഞ്ജിത് സാറിനെ കാണുന്നത്. അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒരു കൗതുകത്തിന്റെ പുറത്താണ് സമ്മതം മൂളിയത്. അദ്ദേഹത്തിന്റെ ഞാൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് ഹരിശ്രീ കുറിക്കുന്നത്. ആദ്യ ചിത്രത്തിനു ശേഷം സിനിമ തനിക്കു പറ്റിയ മേഖലയല്ലെന്നു മനസ്സിൽ തോന്നി. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ പ്രേതം എന്ന ചിത്രത്തിലേയ്ക്ക് ക്ഷണമെത്തി. പിന്മാറാൻ ശ്രമിച്ചെങ്കിലും സംവിധായകൻ രഞ്ജിത് ശങ്കറെ ചെന്നു കാണാനായിരുന്നു ജയസൂര്യയുടെ നിർദേശം. അദ്ദേഹത്തെ ചെന്നു കണ്ടു. കഥ കേട്ടപ്പോൾ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായി. അതോടെയാണ് സിനിമയെ സ്‌നേഹിച്ചുതുടങ്ങിയത്.

 

?ആർകിടെക്ചർ ജോലിയിൽനിന്നും സിനിമയിലെത്തിയപ്പോൾ.
ചെന്നൈയിലായിരുന്നു ഞാൻ ജനിച്ചത്. അമ്മ ഗീത അധ്യാപികയായിരുന്നു. അച്ഛൻ രാമചന്ദ്രൻ സിവിൽ എൻജിനീയറും. അഞ്ചാം വയസ്സിൽ കൊച്ചിയിലെത്തി ഇവിടെ താമസമുറപ്പിക്കുകയായിരുന്നു. മൈസൂർ യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ആർകിടെക്ചർ ബിരുദം സ്വന്തമാക്കിയത്. ചെന്നൈയിലും മുംബൈയിലുമെല്ലാം കുറച്ചുകാലം ജോലി നോക്കി. ആർകിടെക്ചറിൽ മാസ്റ്റർ ബിരുദം നേടി കൊച്ചിയിലെ ഏഷ്യൻ സ്‌കൂൾ ഓഫ് ആർകിടെക്റ്റ് ഡിസൈൻ ആന്റ് ഇന്നൊവേഷൻസിൽ അധ്യാപികയുമായി. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്നു മനസ്സിൽ കരുതിയിരുന്ന കാലത്താണ് സിനിമയിലേയ്ക്കുള്ള ക്ഷണമെത്തുന്നത്.

?പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.
ബോബി സഞ്ജയ് ടീം രചിച്ച് മനു അശോകൻ സംവിധാനം ചെയ്ത കാണെക്കാണെ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രശംസ ഏറെ ലഭിച്ചത്. ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന ഷെറിനെ പിന്തുടർന്നാണ് കഥ മുന്നോട്ടു പോകുന്നത്. സുരാജും ടൊവിനോയും ഐശ്വര്യലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ത്രില്ലർ ഗണത്തിൽ പെട്ടതായിരുന്നു. അതുവരെ സൺഡേ ഹോളിഡേയിലെ തേപ്പുകാരി എന്ന ഇമേജായിരുന്നു ഉണ്ടായിരുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിൽ നായകനെ ചതിച്ചുപോകുന്ന മുറപ്പെണ്ണിന്റെ വേഷമായിരുന്നു. ഒരു നെഗറ്റീവ് ഷേഡുള്ള വേഷമാണെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അഭിനയിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു അഭിനേതാവിന് വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കേണ്ടിവരും. മാറിനിൽക്കാൻ പാടില്ല എന്ന ചിന്തയിലാണ് ഒരു വെല്ലുവിളിയെന്നോണം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടർന്ന് അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരത്തിലെ ചിത്രയായും രാജേഷ് കെ. രാമൻ സംവിധാനം ചെയ്ത നീരജയിലെ കേന്ദ്രകഥാപാത്രമായും വേഷമിട്ടു.


?കഥാപാത്രത്തെ സ്വീകരിക്കുന്ന രീതി.
ഒരു വേഷം ലഭിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത് ശ്രുതി എന്ന വ്യക്തിയുമായി ആ കഥാപാത്രത്തിന് എന്തു സാമ്യമാണുള്ളത് എന്നാണ്. ഞാനല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കണം. നായിക കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കൂ എന്ന നിർബന്ധമില്ല. ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തങ്ങളായിരിക്കണം. അഭിനയ സാധ്യതയുള്ളതുമായിരിക്കണം. നായികയാകാനല്ല, നല്ലൊരു നടിയാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.

?തിരക്കഥ രചനയിലേയ്ക്ക്.
എഴുത്തിലേയ്ക്കുള്ള വരവ് തികച്ചും ആകസ്മികമായിരുന്നു. കോവിഡ് കാലത്താണ് പുത്തൻപുതുകാലം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസാണ് ഭർത്താവ്. സുധ കൊങ്കറയും ഫ്രാൻസിസും ഒരു സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കാലം. ആമസോണിനു വേണ്ടി ഒരു ആന്തോളജി ഒരുക്കുന്നുണ്ടെന്ന വിവരം അപ്പോഴാണ് സുധ പറഞ്ഞത്. നല്ലൊര കഥ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്നും പറഞ്ഞു. ഞാനും ഫ്രാൻസിസും ചേർന്ന് പല കഥകൾ ചർച്ച ചെയ്ത് ഒടുവിൽ വികസിപ്പിച്ചെടുത്ത കഥയായിരുന്നു പുത്തൻ പുതുകാലം. മൂന്നു ദിവസം കൊണ്ടാണ് തിരക്കഥ എഴുതിത്തീർത്തത്. ഇരുവരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഫ്രാൻസിസ് വലിയ കാൻവാസിൽ കാര്യങ്ങൾ ചിന്തിക്കുമ്പോൾ ഞാനാകട്ടെ, ചെറിയ സീനിൽ തന്നെ കോമഡിയും റൊമാൻസുമെല്ലാം വരുത്താൻ ശ്രമിക്കാറുണ്ട്. ഈ അനുഭവം പുതിയ തിരക്കഥകൾ കേൾക്കുമ്പോൾ വിഷ്വലൈസ് ചെയ്യാൻ എളുപ്പമാക്കുന്നുണ്ട്. ഹോട്ട് സ്റ്റാറിനു വേണ്ടി ഒരു തെലുങ്ക് വെബ് സീരീസ് എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ.

?സംവിധാനം.
അങ്ങനെയൊരു ചിന്ത ഇപ്പോഴില്ല. സമീപ ഭാവിയിൽ സംഭവിച്ചുകൂടെന്നില്ല. ഫ്രാൻസിസിന് ഒരു സിനിമ ചെയ്യണമെന്നുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ സഹായിയായി ഞാനുമുണ്ടാകും.

?ഡ്രീം റോൾ.
നൃത്തത്തിന് പ്രാധാന്യമുള്ള ഒരു വേഷം അവതരിപ്പിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമാണ്. നൃത്തം പഠിച്ചതുകൊണ്ടാണോ എന്നറിയില്ല. കൂടാതെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളിൽ വേഷമിടണമെന്നും മോഹമുണ്ട്. എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കണം. മാത്രമല്ല, എല്ലാ നടന്മാരുടെ കൂടെയും അഭിനയിക്കണം എന്നെല്ലാമുള്ള ആഗ്രഹവുമുണ്ട്.

?പുതിയ ചിത്രങ്ങൾ.
നാല് ചിത്രങ്ങളിൽ വേഷമിട്ടുകഴിഞ്ഞു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനാകുന്ന ചിത്രമായ ജെ.എസ്.കെ, വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന നടന്ന സംഭവം, അരുൺ ബോസിന്റെ മാരിവില്ലിൻ ഗോപുരങ്ങൾ, എസ്രയുടെ സംവിധായകനായ ജയ് കെയുടെ പുതിയ ചിത്രം എന്നിവയിലാണ് വേഷമിട്ടു കഴിഞ്ഞത്.

Latest News