ഹുറൂബില്‍ കുടുങ്ങിയ ആലപ്പുഴ സ്വദേശി സുമനസ്സുകളുടെ കൈത്താങ്ങില്‍ നാടണഞ്ഞു

നാട്ടിലേക്ക് മടങ്ങിയ അരവിന്ദാക്ഷന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ സിറാജ് പുറക്കാടിനോപ്പം.
ദമാം-മാസങ്ങളോളം ശമ്പളം ലഭിക്കാതെയും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാലും വലഞ്ഞ മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഇഖാമ ഹുറൂബും ആയതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ കുരുക്കിലായ ആലപ്പുഴ താമരക്കുളം സ്വദേശി അരവിന്ദാക്ഷനാണ് ദുരിതങ്ങളേറെ അനുഭവിച്ചതിന് ശേഷം നാടണഞ്ഞത്.
 
സ്വന്തം നാട്ടുകാരുടെ കുതികാല്‍ വെട്ടു കൊണ്ടാണ് താന്‍ കഷ്ടത്തിലായതെന്ന് അരവിന്ദാക്ഷന്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് സൗദിയില്‍ എത്തിയ അരവിന്ദാക്ഷന്‍ സ്വന്തം നാട്ടുകാരന്‍ തന്നെ മാനേജരായ നിര്‍മാണ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അധികം വൈകാതെ കമ്പനിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങി.
 
മാനേജരും സ്‌പോണ്‍സറും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയും കമ്പനി സാമ്പത്തികമായി തകരുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളം നാലുമാസത്തോളം പിടിച്ചുവെച്ച് മാനേജര്‍ മറ്റൊരു കമ്പനിയിലേക്ക് ട്രാന്‍സ്ഫറായി. നിലനില്‍പ്പില്ലെന്ന് കണ്ട സ്‌പോണ്‍സര്‍ അരവിന്ദാക്ഷന്‍ അടക്കം മുഴുവന്‍ തൊഴിലാളികളെയും ഹുറൂബാക്കി.  
ഇതോടെ എങ്ങിനെയെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. മുമ്പ് തടഞ്ഞു വെച്ച നാല് മാസത്തെ ശമ്പളം ആരും അറിയാതെ കൈപ്പറ്റിയ മാനേജര്‍ ഹുറൂബില്‍ കഴിയുന്ന തങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ല. താമസത്തിനും നിത്യചെലവിനും ചില്ലിക്കാശിന് വകയില്ലാതെ കഴിയുന്നതിനിടെയാണ് നട്ടെല്ലിനു ക്ഷതം പറ്റിയത്.
 
ഇതോടെ പ്രാഥമിക കര്‍മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി. എന്തുചെയ്യണമെന്ന് അറിയാതെ അന്തിച്ചുനില്‍ക്കുമ്പോഴാണ് സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഇടപെട്ടതെന്ന് അരവിന്ദാക്ഷന്‍ പറയുന്നു. ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കണ്‍വീനറും സാമൂഹ്യ പ്രവര്‍ത്തകനുമായ സിറാജ് പുറക്കാട് ദമാം തര്‍ഹീലില്‍ എത്തി മേധാവിയെ സന്ദര്‍ശിച്ചു അരവിന്ദാക്ഷന്റെ വിഷയം ശ്രദ്ധയില്‍ പെടുത്തി. വസ്തുത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം എക്‌സിറ്റ് വിസ ഇഷ്യു ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജുബൈല്‍ ആലപ്പുഴ ജില്ലാ പ്രവാസി കൂട്ടായ്മ നല്‍കിയ ടിക്കറ്റില്‍ കഴിഞ്ഞ ദിവസമാണ് അരവിന്ദാക്ഷന്‍ നാട്ടിലെത്തിയത്.
 
 
 
 

Latest News