Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടിനും പാക്കിസ്ഥാനും ശേഷം ശ്രീലങ്കയെയും തറപ്പറ്റിച്ച് അഫ്ഗാൻ

പൂനെ- ലോകകപ്പിൽ തങ്ങളുടെ മൂന്നാം വിജയവുമായി അഫ്ഗാനിസ്ഥാൻ. ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 241 റൺസാണ് നേടിയത്. എന്നാൽ 45.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ വിജയിച്ചു. ഒരു റൺസും നേടാതെ അഫ്ഗാന്റെ റഹ്മാനുള്ള ഗുർബാസ് പുറത്തായ ശേഷമാണ് അഫ്ഗാൻ തിരിച്ചുവന്നത്. റഹ്മത്ത് ഷാ 62ഉം ഹസ്മത്തുള്ള ഷഹീദി 58 ഉം അസ്മത്തുള്ള ഒമർസായി 73 റൺസും നേടി. രണ്ടാം വിക്കറ്റിൽ റഹ്മത്ത് ഷാ-ഇബ്രാഹിം സദ്രാൻ 73 റൺസ് നേടി. മൂന്നാം വിക്കറ്റിൽ 58 റൺസാണ് നേടിയത്. നിർണായകമായ നാലാം വിക്കറ്റ് 111 റൺസ് സ്വന്തമാക്കി.  
നാല് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയുടെ പ്രകടനമാണ് അഫ്ഗാന് തുണയായത്. മുജീബുറഹ്മാൻ രണ്ട് വിക്കറ്റെടുത്തു. ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണർ ദിമുത് കരുണരത്‌നയെ (15) ആറാം ഓവറിൽ നഷ്ടമായി. രണ്ടാം വിക്കറ്റിൽ പതും നിസ്സങ്കയും  ക്യാപ്റ്റൻ കുശാൽ മെൻഡിസ് സഖ്യം 62 റൺസ് എടുത്തു. 60 പന്തിൽ നിന്ന് 46 റൺസെടുത്ത നിസ്സങ്കയെ ഒമർസായി പുറത്താക്കി. തുടർന്ന് മൂന്നാം വിക്കറ്റിൽ സദീര സമരവിക്രമയെ കൂട്ടുപിടിച്ച് മെൻഡിസ് 50 റൺസ് ചേർത്തു. പിന്നാലെ 50 പന്തിൽ നിന്ന് 39 റൺസുമായി താരം മടങ്ങി.
40 പന്തിൽ 36 റൺസെടുത്ത സമരവിക്രമ 30ാം ഓവറിൽ പുറത്തായി. ചരിത് അസലങ്ക 22 റൺസെടുത്തു. അവസാന ഓവറുകളിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഏയ്ഞ്ചലോ മാത്യൂസിന്റെയും മഹീഷ് തീക്ഷണയുടെയും മികവാണ് ലങ്കൻ സ്‌കോർ 200 കടത്തിയത്. തീക്ഷണ 31 പന്തിൽ നിന്ന് 29 റൺസും മാത്യൂസ് 26 പന്തിൽ നിന്ന് 23 റൺസും നേടി. ധനഞ്ജയ ഡിസിൽവ (14), ദുഷ്മാന്ത ചമീര (1), കസുൻ രജിത (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
 

Latest News