അടിപിടിക്കേസിൽ സ്റ്റോക്‌സ് കോടതിയിൽ

സ്റ്റോക്‌സ് ഭാര്യ ക്ലയർ റാറ്റ്ക്ലിഫുമൊത്ത് കോടതിയിലെത്തുന്നു. 

ബ്രിസ്റ്റൾ - കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ അടിപിടിക്കേസിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ബ്രിസ്റ്റൾ ക്രൗൺ കോടതിയിൽ വിചാരണക്ക് ഹാജരായി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ വെസ്റ്റിൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിനം കഴിഞ്ഞ ശേഷമാണ് മദ്യശാലക്കു പുറത്ത് സ്റ്റോക്‌സ് കശപിശ കൂടിയത്. വിജയം ആഘോഷിക്കാൻ സഹകളിക്കാർക്കൊപ്പം നിശാക്ലബ്ബിലെത്തിയതായിരുന്നു സ്റ്റോക്‌സ്. സംഭവം നടക്കുമ്പോൾ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റനായിരുന്ന സ്റ്റോക്‌സിനെ പിന്നീട് ആഷസ് പരമ്പരയിൽ നിന്നുൾപ്പെടെ മാറ്റിനിർത്തിയിരുന്നു. വിചാരണ നീളുകയാണെങ്കിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റും സ്റ്റോക്‌സിന് നഷ്ടപ്പെടും. മുൻ സൈനികൻ റയാൻ ഹെയ്ൽ, എമർജൻസി സർവീസസ് ജീവനക്കാരൻ റയാൻ അലി എന്നിവരും ഹാജരായി.
 സ്റ്റോക്‌സിന്റെ അടിയേറ്റ് അലിയുടെ കൺതടത്തിന് കേട് പറ്റിയിരുന്നു. സ്റ്റോക്‌സ് സ്വയം പ്രതിരോധം നടത്തുകയോ ആരെയെങ്കിലും രക്ഷിക്കുകയോ ചെയ്യുകയായിരുന്നില്ലെന്നും പ്രതികാരവാഞ്ഛയോടെ, നിയന്ത്രണം നഷ്ടപ്പെട്ട് ആക്രമിക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർ നിക്കൊളാസ് കോർസെലിസ് വാദിച്ചു. ആദ്യം ഹെയ്‌ലിനെ അടിച്ച് ബോധം കെടുത്തി. പിന്നീട് ചിന്തിക്കാനും ശാന്തനാവാനും സമയമുണ്ടായിട്ടും അതു ചെയ്യാതെ അലിയെയും അതേ രീതിയിൽ ആക്രമിച്ചു. 
പുലർച്ചെ 12.46 ന് സ്റ്റോക്‌സ് ക്ലബ് വിട്ടതായിരുന്നു. എന്നാൽ മറ്റൊരു ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്ൽസിനൊപ്പം 2.08 ന് തിരിച്ചെത്തി. ക്ലബ് അടച്ചതിനാൽ പ്രവേശനം നിഷേധിച്ചതിൽ സ്റ്റോക്‌സ് കുപിതനായി. ഡോർ സൂപ്പർവൈസറെ അസഭ്യം പറഞ്ഞു. തുടർന്ന് സ്വവർഗ ജോഡി കയ് ബാരി, വില്യം ഒകോണർ എന്നിവരോട് തട്ടിക്കയറി. അവർക്കുനേരെ സിഗരറ്റ് കുറ്റി എറിഞ്ഞു. ദേഷ്യത്തോടെ നടന്നുനീങ്ങിയ സ്റ്റോക്‌സ് കുറച്ചുകൂടി മുന്നോട്ടുപോയ ശേഷം ബാരി, ഒകോണർ, അലി, ഹെയ്ൽ എന്നിവരുമായി വീണ്ടും ശണ്ഠ കൂടി. അലിയുടെ കൈയിൽ കുപ്പിയുണ്ടായിരുന്നു. എന്നാൽ സ്റ്റോക്‌സ് അലിയെ ഇടിച്ചിട്ടു. സ്റ്റോക്‌സിനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. 
സ്വവർഗാനുരാഗികളായ സുഹൃത്തുക്കളെ അസഭ്യം പറഞ്ഞതിനാലാണ് താൻ ഇടപെട്ടതെന്ന് സ്റ്റോക്‌സ് പറയുന്നത് പോലീസ് ഓഫിസറുടെ ദേഹത്തുണ്ടായിരുന്ന ക്യാമറയിൽ കേൾക്കുന്നുണ്ട്. 
വിചാരണ അഞ്ചു ദിവസം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ചയാണ് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ലോഡ്‌സിൽ തുടങ്ങുക. സ്റ്റോക്‌സാണ് ആദ്യ ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് തിരിച്ചത്. സ്റ്റോക്‌സിന്റെ അഭാവം പരിഹരിക്കാൻ ഒന്നിലേറെ കളിക്കാർ വേണ്ടിവരുമെന്ന് ഇംഗ്ലണ്ട് കോച്ച് ട്രവർ ബെയ്‌ലിസ് അഭിപ്രായപ്പെട്ടു. 

 

Latest News