പൂനെ- ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കക്കെതിരെ അഫ്ഗാന് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 49.3 ഓവറിൽ ലങ്കയെ 241 റൺസിന് പുറത്താക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയുടെ പ്രകടനമാണ് അഫ്ഗാന് തുണയായത്. മുജീബുറഹ്മാൻ രണ്ട് വിക്കറ്റെടുത്തു. ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണർ ദിമുത് കരുണരത്‌നയെ (15) ആറാം ഓവറിൽ നഷ്ടമായി. രണ്ടാം വിക്കറ്റിൽ പതും നിസ്സങ്കയും ക്യാപ്റ്റൻ കുശാൽ മെൻഡിസ് സഖ്യം 62 റൺസ് എടുത്തു. 60 പന്തിൽ നിന്ന് 46 റൺസെടുത്ത നിസ്സങ്കയെ ഒമർസായി പുറത്താക്കി. തുടർന്ന് മൂന്നാം വിക്കറ്റിൽ സദീര സമരവിക്രമയെ കൂട്ടുപിടിച്ച് മെൻഡിസ് 50 റൺസ് ചേർത്തു. പിന്നാലെ 50 പന്തിൽ നിന്ന് 39 റൺസുമായി താരം മടങ്ങി.
40 പന്തിൽ 36 റൺസെടുത്ത സമരവിക്രമ 30ാം ഓവറിൽ പുറത്തായി. ചരിത് അസലങ്ക 22 റൺസെടുത്തു. അവസാന ഓവറുകളിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഏയ്ഞ്ചലോ മാത്യൂസിന്റെയും മഹീഷ് തീക്ഷണയുടെയും മികവാണ് ലങ്കൻ സ്‌കോർ 200 കടത്തിയത്. തീക്ഷണ 31 പന്തിൽ നിന്ന് 29 റൺസും മാത്യൂസ് 26 പന്തിൽ നിന്ന് 23 റൺസും നേടി. ധനഞ്ജയ ഡിസിൽവ (14), ദുഷ്മാന്ത ചമീര (1), കസുൻ രജിത (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.