ലഖ്നൗ -ഇന്ത്യയുടെ ചെറിയ സ്കോര്‍ പിന്തുടരാനാവാതെ 35 ഓവറില്‍ 129 ന് ഓളൗട്ടായെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സാങ്കേതികമായി ലോകകപ്പില്‍ നിന്ന് പുറത്തായിട്ടില്ല. പക്ഷെ അവശേഷിച്ച മൂന്നു കളികളില്‍ നിന്ന് അവര്‍ സെമി ഫൈനലിലെത്തണമെങ്കില് ഒരുപാട് മഹാദ്ഭുതം നടക്കണം. ആറു കളികളില്‍ ആറാം ജയത്തോടെ ഇന്ത്യ സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചു.
ആറ് കളികളില്‍ ആറും ജയിച്ചെങ്കിലും ഇന്ത്യക്ക് ഏറ്റവും വലിയ സംതൃപ്തി നല്കുന്ന മത്സരമായിരുന്നു ഇത്. അഞ്ചു കളികളും ജയിച്ചത് ചെയ്സ് ചെയ്താണ്. ഇത്തവണ ആദ്യം ബാറ്റ് ചെയ്യുകയും ചെറിയ സ്കോറിലൊതുങ്ങുകയും ചെയ്തിട്ടും ഒന്നാന്തരം ബൗളിംഗിലൂടെ ടീം ജയിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (101 പന്തില്‍ 87) കെ.എല്‍ രാഹുലും (58 പന്തില്‍ 39) സൂര്യകുമാര്‍ യാദവും (47 പന്തില്‍ 49) ജസ്പ്രീത് ബുംറയും (25 പന്തില്‍ 16) ഒഴികെ ആരും രണ്ടക്കത്തിലെത്താതിരുന്നതോടെ ഇന്ത്യക്ക് ഒമ്പതിന് 229 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 40 റണ്‍സെടുക്കുമ്പോഴേക്കും ശുഭ്മന്‍ ഗില്ലും (9) വിരാട് കോലിയും (0) ശ്രേയസ് അയ്യരും (4) പുറത്തായിരുന്നു. പിന്നീട് രാഹുലും രോഹിതും 91 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ രോഹിത് പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
എന്നാല്‍ 15 ഓവറാവുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ കാറ്റൊഴിച്ചുവിടാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരക്കു സാധിച്ചു. 52 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീടങ്ങോട്ട് ദയനീയ തോല്‍വി ഒഴിവാക്കാനുള്ള പോരാട്ടമായിരുന്നു. മുഹമ്മദ് ഷമിയും (7-2-22-4) ജസ്പ്രീത് ബുംറയും (6.5-1-32-3) കുല്‍ദീപ് യാദവും (8-0-24-2) രവീന്ദ്ര ജദേജയും (7-1-16-1) ഒന്നിനൊന്ന് മികച്ച് പന്തെറിഞ്ഞതോടെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ക്രീസില്‍ വെള്ളം കുടിച്ചു.






