ലോസ് ഏഞ്ചല്‍സ്- ജനപ്രിയ പരമ്പരയായ 'ഫ്രണ്ട്സ്' എന്ന സിറ്റ്കോമിലെ നായകന് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി. 54 വയസായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചല്‍സിലെ അപ്പാര്‍ട്ട്മെന്റിലുള്ള ഹോട്ട്ഹബ്ബിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുദയാഘാതമാണെന്നാണ് പ്രഥമിക നിഗമനം.
1969 ഓഗസ്റ്റ് 19ന് മോണ്ട്രിയലില് വില്യംസ്ടൗണിലാണ് മാത്യു പെറി ജനിച്ചത്. കാനഡയിലെ ഒട്ടാവയിലാണ് അദ്ദേഹം വളര്‍ന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ അമ്മ സൂസന് മോറിസണ്‍, ജസ്റ്റിന് ട്രൂഡോയുടെ പിതാവായ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ പ്രസ് സെക്രട്ടറിയായിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് ജോണ്‍ ബെന്നറ്റ് പെറി അഭിനേതാവും മോഡലും ആയിരുന്നു. തന്റെ പിതാവിന്റെ '240റോബര്‍ട്ട്' എന്ന പരിപാടിയില്‍ അതിഥി വേഷത്തില്‍ എത്തിയതോടെയാണ് നടനെന്ന നിലയില്‍ അദ്ദേഹം ചുവട് വെക്കുന്നത്. 1987 മുതല്‍ 1988 വരെ 'ബോയ്സ് വില്‍ ബി ബോയ്സ്' എന്ന ചിത്രത്തിലെ ചാസ് റസ്സല്‍ എന്ന കഥാപാത്രം അവതരിപ്പിച്ചു. എന്നാല്‍, 1994ല്‍ എന്‍ബിസിയുടെ 'ഫ്രണ്ട്സ്' എന്ന സിറ്റ്കോമിലെ ചാന്‍ഡലര്‍ ബിംഗ് എന്ന കഥാപാത്രം ലഭിച്ചതാണ് വഴിത്തിരിവായത്.






