ന്യൂദൽഹി- ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന് 230 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസിൽ ഇംഗ്ലണ്ട് ഒതുക്കി. രോഹിത്തും സൂര്യകുമാർ യാദവും ഒഴികെ മറ്റാർക്കും റൺസ് കണ്ടെത്താനാകാതെ പോയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.
ഗില്ലിനെയും കോലിയെയും ശ്രേയസ്സ് അയ്യരെയും നഷ്ടമായ ടീം 40/3 എന്ന നിലയിലേക്ക് വീണുവെങ്കിലും രോഹിത് ശർമ്മ- കെഎൽ രാഹുൽ കൂട്ടുകെട്ടിലൂടെ തിരിച്ചെത്തി. 91 റൺസ് നേടി ഈ കൂട്ടുകെട്ട് ഇന്ത്യയെ തിരികെ ട്രാക്കിലേക്ക് എത്തിച്ചുവെങ്കിലും 39 റൺസ് നേടിയ രാഹുലിനെ പുറത്താക്കി ഡേവിഡ് വില്ലി ഈ കൂട്ടുകെട്ടിനെയും തകർത്തു. രോഹിത്തും സൂര്യകുമാർ യാദവും ചേർന്ന് 33 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 87 റൺസ് നേടി രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഇതോടെ ഇന്ത്യ 164/5 എന്ന നിലയിൽ പ്രതിരോധത്തിലായി. രോഹിത്തിനെ പുറത്താക്കി ആദിൽ റഷീദ് തന്നെ രവീന്ദ്ര ജഡേജയെയും പുറത്താക്കിയപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായി. 49 റൺസ് നേടിയ സൂര്യകുമാർ യാദവ് ആണ് ഇന്ത്യയുടെ സ്‌കോർ 200 കടത്തിയത്. ഡേവിഡ് വില്ലി മൂന്നും ക്രിസ് വോക്‌സ്, ആദിൽ റഷീദ് എന്നിവർ രണ്ടു വീതവും വിക്കറ്റ് നേടി.