റോം - മൂന്നു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം യുവന്റസ് ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. വെറോണയെ 1-0 ന് തോല്‍പിച്ചതോടെയാണ് പ്രതാപകാലത്തെ യുവന്റസ് അനുസ്മരിപ്പിച്ചത്. സബ്സ്റ്റിറ്റിയൂട്ട് ആന്ദ്രെ കാംബിയാസോയാണ് ഗോളടിച്ചത്. 2012 മുതല്‍ 2020 വരെ ഒമ്പതു തവണ തുടര്‍ച്ചയായി ലീഗ് ചാമ്പ്യന്മാരായ യുവന്റസ് 2020 ഓഗസ്റ്റ് ഒന്നിനാണ് അവസാനം ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 1183 ദിവസത്തിനും 125 മത്സരങ്ങള്‍ക്കും മുമ്പ്. കഴിഞ്ഞയാഴ്ച അവര്‍ എ.സി മിലാനെ 1-0 ന് തോല്‍പിച്ചിരുന്നു. രണ്ട് മിലാന്‍ ക്ലബ്ബുകള്‍ക്കും യുവന്റസിനെ മറികടക്കാന്‍ അവസരമുണ്ട്.






