ടാലിസ്‌ക ഡബ്ള്‍, അന്നസര്‍ രണ്ടാം സ്ഥാനത്ത്

റിയാദ് - ആന്‍ഡേഴ്‌സന്‍ ടാലിസ്‌കയുടെ ഇരട്ട ഗോളില്‍ അല്‍ഫയ്ഹയെ 3-1 ന് തോല്‍പിച്ച അന്നസ്ര്‍ സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ടാലിസ്‌കയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ആയിരുന്നു. 
ഇരു ടീമുകള്‍ക്കും പ്രതിരോധത്തിലൂടെ വഴി കാണാന്‍ സാധിക്കാതിരുന്ന ആദ്യ പകുതിയില്‍ അധികം അവസരങ്ങളൊന്നും പിറന്നില്ല. രണ്ട് ഫ്രീകിക്കുകള്‍ കിട്ടിയിട്ടും റൊണാള്‍ഡോക്ക് ഉപയോഗപ്പെടുത്താനുമായില്ല. 43ാം മിനിറ്റില്‍ തുറന്ന പോസ്റ്റിലേക്കുള്ള അബ്ദുറഹമാന്‍ ഗരീബിന്റെ ഷോട്ട് ക്രോസ് ബാറിന് തട്ടി മടങ്ങി. 
അമ്പതാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ചന്തമുള്ള വണ്‍ ടച്ച് ബാക്ക് പാസില്‍ നിന്ന് ടാലിസ്‌ക അക്കൗണ്ട് തുറക്കുന്നത്. 61ാം മിനിറ്റില്‍ അലക്‌സ് ടെലിസിന്റെ ക്രോസില്‍ നിന്ന് ബുള്ളറ്റ് ഹെഡറോടെ ടാലിസ്‌ക വീണ്ടും വല കുലുക്കി. 
66ാം മിനിറ്റില്‍ അല്‍ഷുവൈഷിലൂടെ ഫയ്ഹ ലീഡ് കുറച്ചതോടെ കളി ആവേശകരമായി. ഒടാവിയോയാണ് അന്നസ്‌റിന്റെ രണ്ടു ഗോള്‍ ലീഡ് തിരിച്ചുപിടിച്ച് കളി സുരക്ഷിതമാക്കിയത്. 
മുപ്പതാം വയസ്സിനു ശേഷം 400 ഗോളടിച്ച് റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കുകയാണ് റൊണാള്‍ഡൊ. അല്‍ഹിലാലിന് നാല് പോയന്റ് പിന്നിലാണ് അന്നസ്ര്‍.
 

Latest News