ലക്ക് തേടി ഇംഗ്ലണ്ട് ലഖ്‌നോയില്‍, കാറ്റൊഴിഞ്ഞ് സണ്‍ഡേ ക്ലാസിക്

ഇന്ത്യ x ഇംഗ്ലണ്ട്
ലഖ്‌നോ, നാളെ ഉച്ച 11.30

ലഖ്‌നൗ - ലോകകപ്പിന്റെ മത്സരക്രമം തയാറാക്കിയവര്‍ ഇംഗ്ലണ്ട്-ഇന്ത്യ മത്സരത്തിന് ഞായറാഴ്ച തെരഞ്ഞെടുത്തത് ചാമ്പ്യന്മാരും ആതിഥേയരും തമ്മിലുള്ള കളി ആവേശം വിതക്കുമെന്ന് കണക്കു കൂട്ടിയായിരിക്കണം. പക്ഷെ വന്നുപെട്ടത് ഒരു ചൂടും ചൂരുമില്ലാത്ത മത്സരത്തിനാണ്. ടൂര്‍ണമെന്റില്‍ അജയ്യരായി മുന്നേറുന്ന ഏക ടീമാണ് ഇന്ത്യ. ഈ കളി തോറ്റാലും സെമി ഫൈനല്‍ സാധ്യതക്ക് തെല്ലുപോലും പോറല്‍ സംഭവിക്കില്ല. അതേസമയം ഇംഗ്ലണ്ട് ഏതാണ്ട് പ്രതീക്ഷയറ്റ മട്ടാണ്. കിരീടം നിലനിര്‍ത്തുമെന്ന് സുനില്‍ ഗവാസ്‌കര്‍ പ്രതീക്ഷ പ്രകടിപ്പിച്ച ടീം അവരുടെ ഏറ്റവും വലിയ ആരാധകരെ പോലും നിരാശപ്പെടുത്തിയിരിക്കുന്നു. അഞ്ചു കളികളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചത്, ബംഗ്ലാദേശിനെതിരെ. 1999 ല്‍ ശ്രീലങ്കക്കു ശേഷം ഒരു നിലവിലെ ചാമ്പ്യന്മാരും ഇത്രയും മോശമായിട്ടില്ല. അന്നും 1996 ലെ ചാമ്പ്യന്മാരായ ശ്രീലങ്ക ആദ്യ അഞ്ച് കളികളില്‍ രണ്ടെണ്ണം ജയിച്ചിരുന്നു. ഇംഗ്ലണ്ട് മൈനസ് 1.634 റണ്‍റെയ്റ്റുമായി ഒമ്പതാം സ്ഥാനത്താണ്. 
ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അസ്തമിച്ചുവെന്ന് കോച്ച് മാത്യു മോട്ട് സമ്മതിക്കുന്നു. ഞാനൊരു കണക്കപ്പിള്ളയൊന്നുമല്ല. പക്ഷെ ഇനിയുള്ള കളികള്‍ ജയിച്ചാലും ഞങ്ങളുടെ റണ്‍റെയ്റ്റ് വെച്ച് രക്ഷപ്പെടാന്‍ പോവുന്നില്ല. ഈ സ്ഥിതി അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. ഞങ്ങള്‍ക്ക് ഇനിയുള്ളത് അഭിമാനപ്പോരാട്ടം മാത്രമാണ് -ശ്രീലങ്കയോട് എട്ടു വിക്കറ്റിന് തോറ്റ ശേഷം കോച്ച് പറഞ്ഞു. 
കോച്ച് പറയുന്നതു പോലെ കൈവിട്ട സാഹചര്യമല്ല ഇംഗ്ലണ്ടിന്റേത്. അവശേഷിച്ച നാലു കളികളും ജയിക്കുകയും മറ്റു കളികള്‍ അനുകൂലമാവുകയും ചെയ്താല്‍ സെമി സാധ്യത അവശേഷിക്കുന്നു. 
സാധ്യമായതെല്ലാം ഇംഗ്ലണ്ട് ചെയ്തിട്ടുണ്ട്. 15 കളിക്കാരെയും പരീക്ഷിച്ചു. വൈസ് ക്യാപ്റ്റനെ മുഈന്‍അലിയെ മൂന്നു കളികളില്‍ പുറത്തിരുത്തി. 
ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബൗളിംഗില്‍ ജസ്പ്രീത് ബുംറയും പട നയിക്കുന്ന ഇന്ത്യ ഏതാണ്ട് സെമിയില്‍ കാലുറപ്പിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും എന്നും തങ്ങള്‍ക്ക് വാരിക്കുഴിയാവുന്ന ന്യൂസിലാന്റിനെയും ഇന്ത്യ തോല്‍പിച്ചു. 
ഒരു കളി കൂടുതല്‍ കളിച്ച ദക്ഷിണാഫ്രിക്കക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കൂടുതല്‍ റണ്‍സെടുത്ത കളിക്കാരില്‍ ഇന്ത്യയുടെ രണ്ടു പേരുണ്ട് -വിരാട് കോലിയും രോഹിത് ശര്‍മയും. വിക്കറ്റ് കൊയ്ത്തുകാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവുമുണ്ട്. ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍ ഡേവിഡ് മലാനാണ്, മലാന്റെ 220 റണ്‍സില്‍ 140 ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു. 
കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്ന സാം കറണ്‍ തീര്‍ത്തും മങ്ങി. മൂന്നു കളി കഴിഞ്ഞപ്പോള്‍ ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ ഇന്ത്യന്‍ ടീം ആരെ പുറത്തിരുത്തുമെന്ന് തീരുമാനിക്കാനാവാതെ വിയര്‍ക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ പകരം കളിച്ച മുഹമ്മദ് ഷമി ന്യൂസിലാന്റിനെതിരെ അഞ്ചു വിക്കറ്റെടുത്തു. ഹാര്‍ദിക് ഇംഗ്ലണ്ടിനെതിരെയും കളിക്കാത്തതിനാല്‍ ഷമിക്ക് ഒരവസരം കൂടി കിട്ടും. ലഖ്‌നോയിലേത് സ്ലോ പിച്ചായതിനാല്‍ ആര്‍. അശ്വിനും ടീമിലെത്തിയേക്കും. മുഹമ്മദ് സിറാജിനായിരിക്കും സ്ഥാനം നഷ്ടപ്പെടുക. 


ഇന്ത്യ x ഇംഗ്ലണ്ട്

ആകെ മത്സരങ്ങള്‍ -106
ഇന്ത്യ - 57
ഇംഗ്ലണ്ട് - 44
ടൈ - 2
ഫലമില്ല - 3

അവസാന 10 മത്സരങ്ങള്‍
ഇന്ത്യ -4
ഇംഗ്ലണ്ട് - 6

Latest News