വീണ്ടും ഓറഞ്ച് വിപ്ലവം, ബംഗ്ലാദേശിനെയും വീഴ്ത്തി ഡച്ച്‌

കൊല്‍ക്കത്ത - ഈ ലോകകപ്പിലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ കളിയില്‍ വന്‍ അട്ടിമറി. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ബംഗ്ലാദേശിനെയും നെതര്‍ലാന്റ്‌സ് അട്ടിമറിച്ചു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 229 ന് ഓളൗട്ടായ നെതര്‍ലാന്റ്‌സ് എതിരാളികളെ 42.2 ഓവറില്‍ 142 ന് ഓളൗട്ടാക്കി. 87 റണ്‍സിന്റെ വന്‍ വിജയമാണ് അവര്‍ ആഘോഷിച്ചത്. ആറു കളിയില്‍ അഞ്ചാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ സെമിഫൈനല്‍ പ്രതീക്ഷ അസ്തമിച്ചു. നെതര്‍ലാന്റ്‌സിന് ആറു കളിയില്‍ രണ്ടാം ജയമാണ്.
ബംഗ്ലാദേശിന്റെ പച്ചയണിഞ്ഞ ഗാലറിക്കു മുന്നില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നെതര്‍ലാന്റ്‌സിന് രണ്ടോവര്‍ പിന്നിടുമ്പോഴേക്കും ഓപണര്‍മാരെ നഷ്ടപ്പെട്ടു. പെയ്‌സര്‍മാരായ ശരീഫുല്‍ ഹസനും (10-0-51-2) തസ്‌കിന്‍ അഹമ്മദും (9-1-43-2) മുസ്തഫിസുറഹ്മാനും (10-1-36-2) വൈകാതെ അവരെ അഞ്ചിന് 107 ലേക്ക് തള്ളിവിട്ടു. ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്‌സും (89 പന്തില്‍ 68) സൈബ്രാന്റ് എംഗല്‍ബ്രെറ്റും (61 പന്തില്‍ 35) ലോഗാന്‍ വാന്‍ബീക്കുമാണ് (16 പന്തില്‍ 23 നോട്ടൗട്ട്) സ്‌കോര്‍ 200 കടത്തിയത്. സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസിനും രണ്ടു വിക്കറ്റ് കിട്ടി (7-0-40-2). 
ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും തലുയര്‍ത്തി നില്‍ക്കാനായില്ല. മെഹ്ദി (40 പന്തില്‍ 35) ഒരറ്റത്ത് പൊരുതിയെങ്കിലും മറുതലക്കല്‍ ഡച്ചുകാര്‍ വിക്കറ്റ് തെറിപ്പിച്ചു കൊണ്ടിരുന്നു. 70 റണ്‍സെടുക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടപ്പെട്ടു. ഒദക്ഷിണാഫ്രിക്കക്കെതിരായ കനത്ത പരാജയത്തില്‍ ഒറ്റയാനായി പൊരുതിയ മഹമൂദുല്ലയും (20) ഇത്തവണ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം പഴയ കോച്ചിനടുത്തേക്ക് പറന്ന് ബാറ്റിംഗ് പരിശീലനം നടത്തിയ ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന് (5) അതൊന്നും ഗുണം ചെയ്തില്ല. പോള്‍ വാന്‍ മീക്കറേനും (7.2-0-25-4) ബാസ് ഡി ലീഡും (7-0-25-2) ആറു വിക്കറ്റ് പങ്കുവെച്ചു.
 

Latest News