സിക്‌സറോടെ രചിന്‍ സെഞ്ചുറി, ആവേശത്തിലേക്ക് ഓസീസ്xകിവീസ്

ധര്‍മശാല - ലോകകപ്പിലെ ഓസ്‌ട്രേലിയ-ന്യൂസിലാന്റ് മത്സരം ആവേശാന്ത്യത്തിലേക്ക്. ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കുന്ന ട്രാവിസ് ഹെഡിന്റെ മിന്നല്‍ സെഞ്ചുറിയിലൂടെ 49.2 ഓവറില്‍ 388 റണ്‍സെടുത്ത ഓസീസിനെതിരെ ന്യൂസിലാന്റ് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്. 
പരിക്കു കാരണം ഇതുവരെ കളിക്കാത്ത ഹെഡ് 25 പന്തില്‍ അര്‍ധ ശതകവും 59 പന്തില്‍ സെഞ്ചുറിയും തികച്ചു. ഏഴ് സിക്‌സറും 10 ബൗണ്ടറിയും സഹിതം 109 റണ്‍സ് നേടി. ഡേവിഡ് വാണറുമൊത്ത് (65 പന്തില്‍ 81) 19 ഓവറില്‍ ഓപണിംഗ് വിക്കറ്റില്‍ ഹെഡ് അടിച്ചെടുത്തത് 175 റണ്‍സായിരുന്നു. 
അതോടെ ഓസ്‌ട്രേലിയക്ക് 400 നടുത്തേക്ക് കുതിച്ചു. ഓപണിംഗ് സ്ഥാനം ഹെഡിന് വിട്ടുകൊടുത്ത് വണ്‍ ഡൗണായി വന്ന മിച്ചല്‍ മാര്‍ഷ് (51 പന്തില്‍ 36), കഴിഞ്ഞ കളിയില്‍ 40 പന്തില്‍ സെഞ്ചുറിയടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (14 പന്തില്‍ 37) എന്നിവര്‍ ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഗ്ലെന്‍ ഫിലിപ്‌സ് (10-0-37-3) ഒഴികെ എല്ലാവരും എട്ടിനു മേല്‍ ശരാശരിയില്‍ റണ്‍സ് വഴങ്ങി. ആദ്യമായി പ്ലേയിംഗ് ഇവനില്‍ സ്ഥാനം നേടിയ ജിമ്മി നീഷം രണ്ടോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തു. 
77 പന്തില്‍ സെഞ്ചുറി തികച്ച രചിന്‍ രവീന്ദ്രയാണ് (84 പന്തില്‍ 111 നോ്ട്ടൗട്ട്) കിവീസിന്റെ ആക്രമണം നയിക്കുന്നത്. രചിന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. കന്നി സെഞ്ചുറി ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലായിരുന്നു. ഡാരില്‍ മിച്ചല്‍ (51 പന്തില്‍ 54) അര്‍ധ ശതകം നേടിയതോടെ 39 ഓവറില്‍ കിവീസ് അഞ്ചിന് 284 ലെത്തി. 11 ഓവറില്‍ 105 റണ്‍സ് വേണം ജയിക്കാന്‍.,

Latest News