മുംബൈ - സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളത്തിന് ആദ്യ തോല്‍വി. വന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പതിമൂന്നോവറില് ആറിന് 63 ലേക്ക് തകര്‍ന്ന കേരളം ആറിന് 127 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയെങ്കിലും മൂന്ന് പന്ത് ശേഷിക്കെ അസം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് (33 പന്തില്‍ 57 നോട്ടൗട്ട്) അസമിനെ ലക്ഷ്യം കടത്തിയത്. ഗ്രൂപ്പ് ബി-യില്‍ ആദ്യ ആറു കളികളും ജയിച്ച കേരളം 24 പോയന്റുമായി ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ഹിമാചല്‍പ്രദേശും അസമും 20 പോയന്റുമായി രണ്ടാം സ്ഥാനം പങ്കിടുന്നു.
ഓപണര്‍ രോഹന് കുന്നുമ്മല്‍ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും (32 പന്തില്‍ 31) മറുവശത്ത് ആര്‍ക്കും രണ്ടക്കത്തിലെത്താനായില്ല. വരുണ്‍ നായനാരും (2) സല്മാന് നിസാറും 98) വിഷ്ണു വിനോദും (5) ക്യാപ്റ്റന്‍ സഞ്ജു സാംസണും (8) സിജോമോന്‍ ജോസഫും (0) പരാജയപ്പെട്ടു. ഒടുവില്‍ അബ്ദുല്‍ ബാസിത്തും (31 പന്തില്‍ 46 നോട്ടൗട്ട്) സചിന് ബേബിയുമാണ് (17 പന്തില്‍ 18 നോട്ടൗട്ട്) ടീമിനെ കരകയറ്റിയത്.
ഇടക്കിടെ വിക്കറ്റ് വീഴ്ത്തി കേരളം പ്രതീക്ഷ നിലനിര്‍ത്തി. രണ്ടോവര്‍ ശേഷിക്കെ 101 ലുള്ളപ്പോള്‍ അസമിന്റെ എട്ടാം വിക്കറ്റും നിലംപതിച്ചു. എന്നാല്‍ തുടര്‍ച്ചയായ ആറാം അര്‍ധ ശതകത്തിലൂടെ റിയാന്‍ ടീമിനെ ചുമലിലേറ്റി.
തുഷാര്‍ പാണ്ഡെ ഹാട്രിക് നേടിയതോടെ മുംബൈ ഒമ്പതു വിക്കറ്റിന് മിസോറമിനെ തോല്പിച്ചു. ഗ്രൂപ്പ് എ-യില്‍ ഹൈദരാബാദിന് പിന്നിലാണ് മുംബൈ. ഹരിയാനക്കെതിരെ 15.4 ഓവറില്‍ ജയിച്ച് ഹൈദരാബാദ് റണ്‍റെയ്റ്റ് മെച്ചപ്പെടുത്തി.






