ബംഗ്ലാദേശ്xനെതര്‍ലാന്റ്‌സ്
കൊല്‍ക്കത്ത, ശനി ഉച്ച 11.30
കൊല്‍ക്കത്ത - ലോകകപ്പിന് തിരശ്ശീല ഉയര്‍ന്ന് മൂന്നാഴ്ച പിന്നിടുമ്പോള്‍ കൊല്‍ക്കത്ത ഉണരുന്നു. നവീകരണത്തിനായി ദീര്‍ഘകാലമായി അടച്ചിട്ട ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യമായി ലോകകപ്പിന് ആരവമുയരും. ആധുനിക വെളിച്ച സംവിധാനവും പ്രസ് ബോക്‌സും മീഡിയ സെന്ററും നവീകരിച്ച മെയിന്‍ ലോബിയും ഡ്രസ്സിംഗ് റൂമും കോര്‍പറേറ്റ് ബോക്‌സുമൊക്കെ ഈഡന് ആഡംബരത്തിന്റെ പുതുമോടി പകര്‍ന്നിട്ടുണ്ട്. ബംഗ്ലാദേശ്-നെതര്‍ലാന്റ്‌സ് ഉള്‍പ്പെടെ അഞ്ചു മത്സരങ്ങള്‍ക്കാണ് ഈഡന്‍ വേദിയൊരുക്കുക.
ആര്‍മിയുടെ ഉമടസ്ഥതയിലുള്ള സ്ഥലത്താണ് ഈഡന്‍ ഗാര്‍ഡന്‍സ് എന്നതിനാല്‍ നവീകരണത്തിന് ഒരുപാട് പരിമിതികളുണ്ട്. എങ്കിലും സാധ്യമായതെല്ലാം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയ്തിട്ടുണ്ട്. മഴ പെയ്താല്‍ ഒന്നര മിനിറ്റിനകം ഗ്രൗണ്ട് മുഴുവന്‍ മൂടാന്‍ സാധിക്കുന്ന കവറാണ് ഏറ്റവും ശ്രദ്ധേയം.
ഇന്ത്യ വിരുന്നൊരുക്കിയ കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ഈഡന് പ്രധാന സ്ഥാനമുണ്ടായിരുന്നു. 1987 ലെ ഫൈനലില്‍ ഓസ്‌ട്രേലിയ ആദ്യമായി കിരീടമുയര്‍ത്തുന്നതിന് വേദിയൊരുക്കിയത് ഈഡനായിരുന്നു. 1996 ലെ സെമിഫൈനലില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ വന്‍ തോല്‍വിയിലേക്ക് നീങ്ങിയപ്പോള്‍ കാണികള്‍ അക്രമാസക്തരായതും കളി ഉപേക്ഷിച്ച് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തു. 2011 ല്‍ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും നെതര്‍ലാന്റ്‌സ് ഈ ഗ്രൗണ്ടില്‍ ശ്രീലങ്കയോട് തോറ്റു.
ഇത്തവണ പുതിയ പിച്ചിലാണ് കളി. അത് ബാറ്റും ബോളും തമ്മിലുള്ള സന്തുലിത പോരാട്ടത്തിന് അവസരമൊരുക്കുമെന്നാണ് സൂചന. നവംബര്‍ 16 ന് സെമിഫൈനലോടെയാണ് ഈഡനിലെ ലോകകപ്പ് ആവേശത്തിന് തിരശ്ശീല വീഴുക.






