കേരളത്തിലും കശ്മീരിലും  ഐ-ലീഗിന് കിക്കോഫ്

ന്യൂദല്‍ഹി - ഇന്ത്യയുടെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ഐ-ലീഗിന് രാജ്യത്തെ വടക്കും തെക്കുമായി രകശനിയാഴ്ച കിക്കോഫ്. കോഴിക്കോട്ട് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ഇന്ത്യന്‍ സമയം രാത്രി എട്ടിന് കന്നിക്കാരായ ഇന്റര്‍ കാശിയെ നേരിടും. ശ്രീനഗറില്‍ റിയല്‍ കശ്മീര്‍ ഉച്ചക്ക് രണ്ടിന് രാജസ്ഥാന്‍ എഫ്.സിയുമായി ഏറ്റുമുട്ടും. റയല്‍ കശ്മീരിനും ഗോകുലം എഫ്.സിക്കും ഹോം ഗ്രൗണ്ട് ഉറച്ച കോട്ടയാണ്. റയല്‍ കശ്മീരിനെ പരിശീലിപ്പിക്കുന്നത് കശ്മീരുകാരനയ ഇശ്ഫാഖ് അഹമ്മദാണ്. ഭൂട്ടാനില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കോച്ചായിരുന്നു ഇശ്ഫാഖ്.
ചാമ്പ്യന്‍ ക്ലബ്ബിന് ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടുമെന്നത് കഴിഞ്ഞ സീസണില്‍ ഐ-ലീഗിന് ഉത്തേജനം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രണ്ട് ഇന്ത്യന്‍ കോ്ച്ചുമാര്‍ക്കേ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചിട്ടുള്ളൂ. അതിലൊരാളാണ് രാജസ്ഥാന്റെ പുഷ്‌പേന്ദര്‍ കുണ്ടു. ആര്‍മി താരങ്ങളായ ഭബീന്ദ്ര മല്ല താക്കൂരി, റൊണാള്‍ഡൊ സിംഗ് എന്നിവരെ ഉള്‍പെടുത്തി അവര്‍ ടീം ശക്തമാക്കിയിട്ടുണ്ട്. ഹാര്‍ദിക് ബട്ട് മുംബൈ സിറ്റിയില്‍ നിന്ന് തിരിച്ചെത്തി. 
കഴിഞ്ഞ സീസണില്‍ പ്രതീക്ഷകളുടെ ഭാരം തളര്‍ത്തിയ ടീമായിരുന്നു ഗോകുലം. ചാമ്പ്യന്മാരെന്ന നിലയില്‍ കഴിഞ്ഞ ഐ-ലീഗില്‍ കളിച്ച അവര്‍ക്ക് പ്രതീക്ഷക്കൊത്തുയരാനായില്ല. കോഴിക്കോട്ട് നടന്ന എ.എഫ്.സി ക്ലബ്ബ് പ്ലേഓഫില്‍ ഒഡിഷ എഫ്.സിയോട് തോറ്റത് വല്ലാതെ ക്ഷീണം ചെയ്തു. അതുവഴി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. 
ഇത്തവണ സുദീര്‍ഘമായ പ്രീ സീസണ്‍ ഒരുക്കങ്ങളാണ് ഗോകുലം നടത്തിയത്. മുന്‍ ഇന്ത്യന്‍ ഡിഫന്റര്‍ അനസ് എടത്തൊടിക വിരമിക്കല്‍ തീരുമാനം റദ്ദാക്കി തിരിച്ചുവന്നിട്ടുണ്ട്. അനസിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. രണ്ട് സ്പാനിഷ് കോച്ചുമാര്‍ ഈ മത്സരത്തില്‍ മുഖാമുഖം വരും. കാര്‍ലോസ് സാന്‍ഡാമരീനയാണ് ഇന്റര്‍ കാശിയുടെ പരിശീലകന്‍. ഗോകുലത്തിനെതിരെ ആദ്യ മത്സരം കളിക്കേണ്ടി വന്നത് വലിയ പരീക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. പൂജ്യത്തില്‍ നിന്നാണ് തുടങ്ങുന്നത്. എങ്കിലും ശക്തമാണ് ടീം. രണ്ടു മാസമായി തീവ്ര പരിശീലനത്തിലാണ് -അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്റര്‍നാഷനലുകളായ ജാക്കിചന്ദ് സിംഗ്, സുമീത് പാസി, യുവ പ്രതിഭകളായ ബിയോംഗ് കോജും, നികും ഗ്യാമാര്‍, പരിചയസമ്പന്നനായ അരിന്ദം ഭട്ടാചാര്യ തുടങ്ങിയ കളിക്കാര്‍ ഇന്റര്‍ കാശിയിലുണ്ട്. 

Latest News