ജിദ്ദ - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിന്റെ വിജയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ജിദ്ദയിലെ ഹോം മത്സരത്തില്‍ അവര്‍ അല്‍ഹസമുമായി 2-2 സമനില പാലിച്ചു. അല്‍ഇത്തിഹാദ് അവസാനം സൗദി ലീഗില്‍ ജയിച്ചത് സെപ്റ്റംബര്‍ 21 നാണ്. പിന്നീട് അല്‍ഫയ്ഹയുമായി ഗോള്‍രഹിത സമനില പാലിക്കുകയും അല്‍അഹ്‌ലിയോട് ഹോം മത്സരത്തില്‍ തോല്‍ക്കുകയും അത്തആവുനുമായി 1-1 ഡ്രോ വഴങ്ങുകയും ചെയ്തു.
ഹസമിനെതിരെ രണ്ടു തവണ ഇത്തിഹാദ് ലീഡ് തുലച്ചു. ഇരുപത്താറാം മിനിറ്റില്‍ കരീം ബെന്‍സീമയിലൂടെ അവര്‍ മുന്നിലെത്തിയതായിരുന്നു. ഇടവേളക്കു ശേഷം മുഹമ്മദ് അബൂസബ്ആന്‍ ഗോള്‍ മടക്കി. അവസാന പത്ത് മിനിറ്റില്‍ ഹസന്‍ കാദിഷിലൂടെ വീണ്ടും ലീഡെടുത്തെങ്കിലും അഞ്ച് മിനിറ്റിനകം ഫയ്‌സ് സുലൈമാനി തിരിച്ചടിച്ചു. അല്‍ഹിലാലിന് അഞ്ച് പോയന്റ് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഇത്തിഹാദ്.
ലീഗില്‍ ഏറ്റവും മോശം പ്രതിരോധമുള്ള ടീമായ അല്‍ഹസം കഴിഞ്ഞയാഴ്ച വരെ ഒരു ജയവുമില്ലാതെ പരുങ്ങുകയായിരുന്നു. എന്നാല്‍ ബെന്‍സീമക്ക് പന്തെത്താതിരിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടു. പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ എന്‍ഗോളൊ കാണ്ടെയില്‍ നിന്നുള്ള പാസ് സ്വീകരിച്ചാണ് ബെന്‍സീമ ഗോളടിച്ചത്.






