പനാജി - നവംബര്‍ ഒമ്പത് വരെ നീളുന്ന മുപ്പത്തേഴാമത് ദേശീയ ഗെയിംസ് ഗോവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. 28 വേദികളിലായി 43 ഇനങ്ങളില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പതിനായിരത്തിലേറെ അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. തെക്കന്‍ ഗോവയിലെ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് മുഖ്യ വേദി. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ ഗവണ്‍മെന്റുകള്‍ സ്‌പോര്‍ട്‌സിനെ അവഗണിച്ചുവെന്നും തന്റെ സര്‍ക്കാരാണ് കായിക താരങ്ങളെ വളര്‍ത്താനും കായിക വളര്‍ച്ചക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും മുന്‍കൈയെടുത്തതെന്നും മോഡി പ്രസ്താവിച്ചു. 2014 നു ശേഷം സ്‌പോര്‍ട്‌സിനെക്കുറിച്ച ചിന്താഗതി തന്നെ മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു. കളിക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി. ഇപ്പോള്‍ ഒളിംപിക് വിജയപീഠം വരെ കളിക്കാരുടെ കൈ പിടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്‌പോര്‍ട്‌സിലെ വിജയം ഇന്ത്യയുടെ മൊത്തം വിജയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.






