റോം - ന്യൂകാസിലിന്റെ യുവ മിഡ്ഫീല്‍ഡര്‍ സാന്ദ്രൊ ടോണാലിയെ പന്തയത്തില്‍ പങ്കെടുത്തതിന് 10 മാസത്തേക്ക് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കി. ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഇറ്റാലിയന്‍ കളിക്കാരനായി ജൂലൈയിലാണ് ഇരുപത്തിമൂന്നുകാരന്‍ എ.സി മിലാനില്‍ നിന്ന് ന്യൂകാസിലിലെത്തിയത്. 5.6 കോടി പൗണ്ടിന്റെതായിരുന്നു കരാര്‍. എന്നാല്‍ ന്യൂകാസിലില്‍ ചേരും മുമ്പായിരുന്നു ടോണാലി പന്തയം വെച്ചിരുന്നത്. പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളും ഇറ്റലി യോഗ്യത നേടുകയാണെങ്കില്‍ അടുത്ത യൂറോ കപ്പും ടോണാലിക്ക് നഷ്ടപ്പെടും. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ പകരക്കാരനായി ഇറങ്ങിയിരുന്നു.
കഴിഞ്ഞ ഇന്റര്‍നാഷനല്‍ മത്സര ഇടവേളയിലാണ് ഇറ്റലിയില്‍ പന്തയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതിനു ശേഷം വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്. യുവന്റസ് മിഡ്ഫീല്‍ഡര്‍ നിക്കോളൊ ഫാഗിയോളിക്ക് ഏഴു മാസമാണ് വിലക്ക് പ്രഖ്യാപിച്ചത്. ചൂതാട്ടത്തെത്തുടര്‍ന്ന് ഫാഗിയോളിക്ക് 30 ലക്ഷം യൂറോയുടെ കടം ഉണ്ടായിട്ടുണ്ട്. ടോണാലിക്കും ചൂതാട്ട ആസക്തിയാണ്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചതിനാലാണ് ശിക്ഷ കുറച്ചത്.






