ചെന്നൈ - ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഭാവി ഏറെക്കുറെ നാളെ തീരുമാനമാവും. തുടര്‍ച്ചയായ മൂന്നു തോല്‍വികളില്‍ തളര്‍ന്ന ടീം മസില്‍ പവറുമായി മുന്നേറുന്ന ദക്ഷിണാഫ്രിക്കയുമായാണ് കൊമ്പുകോര്‍ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന പത്ത് കളികളില്‍ ആറും പാക്കിസ്ഥാന്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ മൊത്തം 82 കളികളില്‍ മുപ്പതെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. 51 കളികളിലും ദക്ഷിണാഫ്രിക്കക്കാണ് ജയം.
അദ്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ടീമാണ് പാക്കിസ്ഥാനെന്ന് വൈസ് ക്യാപ്റ്റന്‍ ശാദബ് ഖാന്‍ പറഞ്ഞു. നെതര്‍ലാന്റ്‌സിനെയും ശ്രീലങ്കയെയും തോല്‍പിച്ച് നന്നായി തുടങ്ങിയ പാക്കിസ്ഥാന് ഹൈദരാബാദ് വിട്ട ശേഷമാണ് ശനിദശ തുടങ്ങിയത്. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും തകര്‍ന്നടിഞ്ഞു, അഫ്ഗാനിസ്ഥാനോട് കനത്ത തോല്‍വി ഏറ്റുവാങ്ങി. അത് നെറ്റ് റണ്‍റെയ്റ്റിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നെതര്‍ലാന്റ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റിട്ടുണ്ടെങ്കിലും മറ്റു നാലു കളികളില്‍ ഉജ്വല വിജയം നേടിയിട്ടുണ്ട്.
ചെന്നൈയില്‍ പാക്കിസ്ഥാന്റെ രണ്ടാമത്തെ മത്സരമാണ് ഇത്. ഇതേ ഗ്രൗണ്ടിലാണ് അഫ്ഗാനിസ്ഥാനോട് തോറ്റത്. ലോകകപ്പുകളില്‍ എട്ടാം തവണയും ഇന്ത്യയോട് തോറ്റതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് പാക്കിസ്ഥാന്‍ നേരിടുന്നത്. എന്നാല്‍ ഇതുപോലുള്ള ടൂര്‍ണമെന്റുകളില്‍ വരുമ്പോള്‍ സോഷ്യല്‍ മീഡിയയെ അവഗണിക്കണമെന്നാണ് ടീമിനോട് പറയാനുള്ളതെന്ന് ശാദബ് അഭിപ്രായപ്പെട്ടു.
അസുഖം ബാധിച്ച ഹസന്‍അലിക്ക് കളിക്കാനാവാത്തത് പാക്കിസ്ഥാന്റെ പെയ്‌സ്ബൗളിംഗിനെ അല്‍പംകൂടി ദുര്‍ബലമാക്കും.






