പഴയ ഇംഗ്ലണ്ട് പുതിയ കുപ്പിയില്‍

ബംഗളൂരു - ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പെരിയ തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ശ്രീലങ്കക്കെതിരായ 156 റണ്‍സ് 2003 നു ശേഷം അവരുടെ ഏറ്റവും ചെറിയ സ്‌കോറാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ഏറ്റവും ചെറിയ ഏകദിന സ്‌കോറും. ഇനി നാലു കളികളാണ് ഇംഗ്ലണ്ടിന് അവശേഷിക്കുന്നത്. അടുത്ത കളി അഞ്ചും മത്സരവും ജയിച്ച് മുന്നേറുന്ന ഇന്ത്യക്കെതിരെയാണ്. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ ടീമുകളെയും നേരിടാനുണ്ട്. ബംഗ്ലാദേശിനെ മാത്രമാണ് ഇതുവരെ അവര്‍ തോല്‍പിച്ചത്. അഫ്ഗാനിസ്ഥാനോട് വരെ തോറ്റു.  
പേര് വണ്‍ഡേ ക്രിക്കറ്റ് എന്നാണെങ്കിലും മത്സരം പകുതി ദിനത്തില്‍ അവസാനിച്ചു. 33.2 ഓവറില്‍ 156 ന് ഇംഗ്ലണ്ട് പുറത്തായി. 25.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യം കണ്ടു. ഈ ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ അവസാനിച്ച മത്സരമാണ് ഇത്. 
ലോകകപ്പില്‍ എന്നും ഇംഗ്ലണ്ടിന് വെല്ലുവിളിയാണ് ശ്രീലങ്ക. അഞ്ചാം തവണയാണ് അവര്‍ ശ്രീലങ്കയോട് തോല്‍ക്കുന്നത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ വന്‍ തോല്‍വിയാണ് ഇത്. പോയന്റ് പട്ടികയില്‍ നെതര്‍ലാന്റ്‌സ് മാത്രമാണ് ഇംഗ്ലണ്ടിന് പിന്നിലുള്ളത്, അതും റണ്‍നിരക്കില്‍. 
2015 ലെ ലോകകപ്പില്‍ ഇതുപോലെ നാണംകെട്ട ലോകകപ്പിനു ശേഷമാണ് ഇംഗ്ലണ്ട് അടിമുടി മാറിയത്. ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഭയരഹിതമായി ആക്രമിക്കുകയും ഏത് സ്‌കോറും മറികടക്കുകയും ചെയ്യുന്ന ടീമായി അവര്‍. അതിന്റെ ഉജ്വല പ്രദര്‍ശനമാണ് 2019 ല്‍ കണ്ടത്. പിന്നീട് ടെസ്റ്റിലും അവര്‍ ആ രീതി പിന്തുടര്‍ന്നു. പഴയ ഇംഗ്ലണ്ടിനെയാണ് പക്ഷെ ഈ ലോകകപ്പില്‍ കണ്ടത്. വിരമിച്ച ബെന്‍ സ്റ്റോക്‌സിനെയും മുഈനലിയെയും തിരിച്ചുവിളിച്ചത് വിജയം കണ്ടില്ല. വൈസ് ക്യാപ്റ്റനായി നിയമിച്ച മുഈനെ ആദ്യ കളിക്കു ശേഷം പുറത്തിരുത്തി. സ്റ്റോക്‌സിന് പരിക്കു കാരണം ആദ്യ മൂന്നു കളികളില്‍ ഇറങ്ങാനായില്ല. 

Latest News